മനാമ: സഊദി സന്ദർശക വിസ പുതുക്കാനായി ബഹ്‌റൈനിലേക്ക് പോകാനായി ഓൺലൈനിൽ വിസക്ക് അപേക്ഷിച്ചവരിൽ പലരും പ്രതിസന്ധിയിൽ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിലവ് കുറയുമെന്ന കണക്ക് കൂട്ടലിൽ ഓൺലൈനിൽ ബഹ്‌റൈൻ വിസക്ക് അക്ഷിച്ചവരാണ് ഇപ്പോൾ വെട്ടിലാകുന്നത്. ഓൺലൈനിൽ വിസക്ക് അപേക്ഷിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ സ്വന്തം നിലക്ക് കാര്യങ്ങൾ നീക്കുന്നവരാണ് അവസാന ഘട്ടത്തിൽ വിസ ഇഷ്യു ആകാതെയും കുടുംബങ്ങളിൽ ചിലർക്ക് മാത്രം വിസ ഇഷ്യു ആകുകയും ചെയ്തതോടെ പ്രതിസന്ധിയിലാകുന്നത്.
നിലവിൽ സഊദിയിൽ സന്ദർശക വിസയുള്ള കുടുംബങ്ങളിൽ മൂന്ന് മാസം കഴിയുന്നതോടെ സഊദിക്ക് പുറത്ത് പോയി തിരിച്ചു വരൽ നിർബന്ധമാണ്. എങ്കിൽ മാത്രമേ മൂന്ന് മാസം കൂടി നിൽക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി പലരും തിരഞ്ഞെടുക്കുന്നത് സമീപ രാജ്യമായ ബഹ്‌റൈനെയാണ്. എളുപ്പത്തിൽ കാര്യം സാധിക്കാമെന്നതും ചിലവ് കുറവ് എന്നതുമാണ് പ്രവാസികളെ ബഹ്‌റൈൻ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കാൻ കാരണം.
നിലവിൽ സഊദിയിൽ സന്ദർശക വിസയിൽ കഴിയുന്നവർക്ക് ബഹ്‌റൈനിലേക്ക് വിസ നിർബന്ധമാണ്. ബഹ്‌റൈനിലെ ലൈസൻസുള്ള ട്രാവൽ ഏജൻസികൾ വിസ തരപ്പെടുത്തി കൊടുക്കുന്നുണ്ട്. എന്നാൽ, സ്വന്തം നിലക്ക് വിസക്ക് അപേക്ഷിച്ചാൽ ചിലവ് കുറയുമെന്ന ധാരണയിൽ സ്വന്തമായി ഓൺലൈൻ വഴി ബഹ്‌റൈൻ വിസക്ക് അപേക്ഷിക്കുന്നവരാണ് വെട്ടിലാകുന്നത്. മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് തന്നെ ഓൺലൈൻ വഴി അപേക്ഷിച്ചാലും നിശ്ചിത സമയത്തിനുള്ളിൽ വിസ കിട്ടികൊള്ളണമെന്നില്ല.
മാത്രമല്ല, ഒട്ടുമിക്ക സന്ദർഭങ്ങളിലും ഒരേ ആപ്ലിക്കേഷനിലെ ചിലർക്കു മാത്രം ഇഷ്യു ചെയ്യുന്നതും ചിലർക്ക് വിസ നിരസിക്കുന്നതുമാണ് പ്രവാസികളെ കുടുക്കുന്നത്. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബങ്ങളിൽ ചിലർക്ക് വിസ കിട്ടാതെ വരുന്നതോടെ ഇവർ ട്രാവൽ ഏജൻസികളെ സമീപിച്ചാലും കാര്യമുണ്ടാകില്ല. ഓൺലൈനിൽ വിസക്ക് അപേക്ഷിച്ചാൽ പിന്നീട് വീണ്ടും അപേക്ഷിക്കണമെങ്കിൽ ചുരുങ്ങിയത് 30 ദിവസം കാത്തിരിക്കണമെന്ന ചട്ടമുള്ളതാണ് ഇവിടെ തടസം. സഊദി സന്ദർശക വിസ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന അവസരത്തിൽ നടത്തുന്ന ഇത്തരം നീക്കങ്ങളിൽ ഇത് പോലെയുള്ള പ്രശ്നങ്ങൾ നേരിട്ടാൽ ഇവർക്ക് പിന്നീട് ബഹ്‌റൈനിലേക്ക് യാത്ര അസാധ്യമാകുകയും നാട്ടിലേക്ക് പോകുന്നത് ഉൾപ്പെടെയുള്ള മാറ്റു ബദൽ മാർഗങ്ങൾ തേടുകയും മാത്രമാണ് മുന്നിലുള്ള വഴി.
ഉത്തരത്തിൽ ബുദ്ധിമുട്ടിലായ പലരും വീണ്ടും ഉടൻ ബഹ്‌റൈൻ വിസ കിട്ടാനുള്ള മാർഗങ്ങൾ തേടി അലയുന്നുണ്ട്. അതേസമയം, ബഹ്‌റൈനിലെ അംഗീകൃത ട്രാവൽസ് മുഖേന വിസക്ക് നൽകുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ വിസ ലഭ്യമാകുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ സഊദി സന്ദർശക വിസക്കാർ സ്വന്തമായി ബഹ്‌റൈൻ വിസ എടുക്കാൻ ശ്രമിക്കുന്നുവെങ്കിൽ നേരത്തെ തന്നെ അതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതാണ് ഉചിതം. അവസാന നിമിഷത്തിൽ ഓൺലൈൻ വഴി സ്വന്തമായി ശ്രമം നടത്തിയാൽ നേരത്തെ സൂചിപ്പിച്ച പോലെ കുടുംബത്തിലെ ചിലർക്ക് വിസ ലഭിക്കാതെ വന്നാൽ, പിന്നെ ട്രാവൽസ് ഏജൻസികൾക്ക് പോലും വിസ എടുത്ത് നൽകാൻ സാധിക്കില്ല. അതിനാൽ വിശ്വസനീയമായ അംഗീകൃത ട്രാവാൽസ് ഏജൻസികളെ തന്നെ ബന്ധപ്പെടലാകും ഉചിതം.




