നബി നിന്ദ: പ്രതികരണം വിവേകപരമാക്കുക: ഫിറോസ് കൊയിലാണ്ടി

ജിദ്ദ: ഇസ്‌ലാമിനെയും പ്രവാചകനെയും പരിഹസിക്കുന്നതും നിന്ദിക്കുന്ന തുമായ സംഭവ വികാസങ്ങൾ സമൂഹത്തിൽ ആദ്യമല്ലെന്നും അതിന് പ്രവാചകന്റെ ജീവിത ചരിത്രത്തോളം പഴക്ക മുണ്ടെന്നും പ്രഷോഭങ്ങളോ അതിക്രമങ്ങളോ ഇതിന് പരിഹാരമല്ലെന്നും ഫിറോസ് കൊയിലാണ്ടി പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രവാചകന്റെ ജീവിത ചര്യകൾ ജീവിതത്തിൽ പകർത്താനും പ്രബോധനം ചെയ്യാനും വിശ്വാസികൾ തയ്യാറാവുകയാണ് വേണ്ടതെന്നും ആരോപണങ്ങളെ നിയമാനുസൃതമായി പ്രതിരോധിക്കാൻ ഓരോ വിശ്വാസിയും കടപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ ‘നിന്ദിച്ചാൽ തകരില്ല നബി മഹത്വം’ എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് തരത്തിലുള്ള പ്രതികരണമാണ് സമൂഹത്തിൽ ഇത്തരുണത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാമത്തേത് ശക്തമായി പ്രതികരിക്കുക എന്ന സ്വാഭാവിക പ്രതികരണവും രണ്ടാമത്തേത് വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം എന്ന പ്രതികരണവും. എന്നാൽ ഇസ്‌ലാമിനെ അതിന്റെ അന്തസത്ത മനസ്സിലാക്കാതെ വിമർശിക്കുകയും പ്രവാചകനെ സ്ത്രീലമ്പടൻ ആയി ചിത്രീകരിക്കുകയും പ്രവാചക വിവാഹങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പൈശാചികമായ പ്രവണതകളെ യാണ് മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടത്. ഇത് അവരുടെ ദൗത്യവും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നബി ജീവിതത്തെ വികൃതമാക്കി ചിത്രീകരിക്കുമ്പോൾ അതിന്റെ യാഥാർഥ്യത്തെ മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഒരു തുറന്ന പുസ്തകം പോലെ അന്യൂനമായ ജീവിതത്തിനുടമയാണ് പ്രവാചകൻ. നിങ്ങളിൽ ഒരാളും വിശ്വാസി ആവുകയില്ല, സ്വന്തത്തേക്കാൾ പ്രവാചകൻ തനിക്ക് പ്രിയപ്പെട്ടതാവുന്നത് വരെ എന്ന പ്രവാചകാദ്ധ്യാപനം ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാട്ടിൽ നടക്കുമ്പോൾ മുസ്‌ലിം സമൂഹം അനുവർത്തിക്കേണ്ട നയം മറ്റൊന്നാണ്. ആയുധങ്ങൾ എടുക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ഹൈന്ദവരുടെ തന്നെ ആരാധ്യവസ്തുക്കളെ നിന്ദി ക്കുകയോ അപഹസിക്കുകയോ ചെയ്യാതെ സമാധാനപരമായി വിവേകത്തോടെ ഇതിനെ ഫലപ്രദമായി നേരിടുക എന്നുള്ളതാണ്. ശത്രുക്കൾ ആഗ്രഹിക്കുന്നത് പ്രകോപനങ്ങൾ ആണ്. മുസ്‌ലിംകൾ എത്രത്തോളം വൈകാരികമായി പ്രതികരിക്കുന്നുവോ അത്രത്തോളം ശത്രുക്കളുടെ അജണ്ടകൾ നടപ്പിലാക്കാൻ അവർക്ക് സാധിക്കും. ഈയൊരു തിരിച്ചറിവാണ് മുസ്‌ലിംകൾക്ക് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഒരോ മുസ്‌ലിമും ഇത്തരം കാര്യങ്ങളെ വൈകാരികമായി സമീപിച്ചു ജനജീവിതം കലുഷിതമാക്കാതെ ക്ഷമിക്കുകയും സൃഷ്ടാവിനെ സൂക്ഷിച്ചു കൊണ്ടുള്ള ജീവിതം നയിക്കുകയുമാണ് വേണ്ടതെന്ന് ഖുർആനിക വചനം പാരായണം ചെയ്ത് കൊണ്ട് അദ്ദേഹം സദസ്യരെ തര്യപ്പെടുത്തി.

പരിപാടിയിൽ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.
ഷാഫി മജീദ് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.