ലോകകേരള സഭയിൽ സഊദിയിൽ നിന്ന് കെഎംസിസി നേതാക്കളും

0
1864

റിയാദ്: ലോകകേരള സഭയിൽ സഊദിയിൽ നിന്ന് കെഎംസിസി നേതാക്കളും പങ്കെടുക്കും. സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി (ജിദ്ദ), വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് (റിയാദ്), ജനറൽ സെക്രട്ടറി ഖാദർ ചെങ്കള (ദമാം), ട്രഷറർ കുഞ്ഞിമോൻ കാക്കിയ (മക്ക) എന്നീ നേതാക്കളെയാണ് ലോകകേരള സഭയിലേക്ക് സഊദിയിൽ നിന്ന് തെരഞ്ഞെടുത്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്നാമത് ലോക കേരള സഭ ഈ മാസം 16, 17,18 തീയതികളിൽ തിരുവനന്തപുരത്താണ് നടക്കുന്നത്. പ്രവാസികൾ നേരിടുന്ന വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി ശക്തമായ ഇടപെടലുകൾ നടത്താനും പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ലോക കേരള സഭയുടെ പ്രവാസികൾക്ക് ഗുണകരവും ക്രിയാത്മകവുമായ നീക്കങ്ങളുമായി സഹകരിക്കാനുമുള്ള പാർട്ടിയുടെ നിർദേശമനുസരിച്ചാണ് കെ.എം.സി.സി അംഗങ്ങൾ ലോകകേരള സഭയിൽ പങ്കെടുക്കുന്നത്.

കൊവിഡിന് ശേഷം സഊദിയിലെ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും അവതരിപ്പിക്കുകയും പുതിയ മാറ്റങ്ങളിലേക്ക് കടക്കുന്ന സൗദിയുടെ അവസരങ്ങൾ മലയാളികൾക്കും ഉപയോഗപ്പെടുത്താനുള്ള സാധ്യതകളെ കുറിച്ചും സഭയിൽ നിർദേശങ്ങൾ വെക്കും. പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുങ്ങാതെ ഓരോ പ്രവാസിക്കും അത് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള നടപടികൾക്ക് ഗൾഫ് നാടുകളിലെ എല്ലാ സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി പദ്ധതികളാവിഷ്‌കരിക്കണമെന്നും നോർക്കയുടെ സേവനങ്ങൾ താഴെത്തട്ടിലുള്ള പ്രവാസികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കണമെന്നും കെഎംസിസി ആവശ്യപ്പെടും.

റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിച്ചു കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് സർക്കാരിന്റെയും ലോകകേരള സഭയുടെയും നോർക്ക റൂട്‌സ് വൈസ് ചെയർമാൻ എം.എ യൂസഫലിയുടെയും സഹായം തേടുമെന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.