വിഖായ സജീവമായി, ആദ്യ മലയാളി ഹജ്ജ് സംഘത്തിന് മദീനയിൽ ഊഷ്‌മള സ്വീകരണം

0
587

മദീന: കേരളത്തിൽ നിന്നും ഹജ്ജിനെത്തിയ തീർത്ഥാടക സംഘത്തിലെ ആദ്യ സംഘത്തെ മദീനയിൽ സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ (എസ് ഐ സി) നേതൃത്വത്തിലുള്ള വിഖായ സേവക സംഘം സ്വീകരിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ആദ്യ സംഘത്തെ മദീന വിമാനത്താവളത്തിൽ ഈത്തപ്പഴം നൽകിയാണ് ഊഷ്മള സ്വീകരണം നൽകിയത്.

എസ് ഐ സി സഊദി ദേശീയ ട്രഷറർ യു കെ ഇബ്രാഹീം ഓമശേരി, എസ് കെ എസ് എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി ഫൈസി, വിഖായ മദീന പ്രവിശ്യ ചെയർമാൻ അഷ്‌റഫ്‌ തില്ലങ്കേരി, അബ്ദുള്ള ദാരിമി, അസ്‌ലം കൊടുവള്ളി, റഫീഖ് കാട്ടാപള്ളി നാസർ മടവൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാജിമാരെ സ്വീകരിച്ചത്.

ഹാജിമാർക്ക് സേവനം ചെയ്യുന്നതോടൊപ്പം മദീന ഹറം പള്ളിക്ക് സമീപത്തെ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ ഹാജിമാർക്ക് വിശദീകരിച്ച് കൊടുക്കാനും പ്രത്യേക കർമ്മ പദ്ധതി ആസൂത്രണവുമായി വിഖായ ഹജ്ജ് വളണ്ടിയർ സംഘം ഇവിടെ സദാ സന്നദ്ധമാണ്. വിഖായക്ക് പുറമെ മലയാളി സംഘടനകളുടെ കീഴിലുള്ള വിവിധ ഹജ്ജ് സേവക സംഘങ്ങളും മലയാളി ഹാജിമാർക്ക് സ്വീകരണം നൽകിയിട്ടുണ്ട്.