45,000 തൊഴിലുകൾ സഊദിവൽക്കരിക്കും
റിയാദ്: ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ സഊദിവൽക്കരണത്തിനായി ഒരു ഏകീകൃത പ്ലാറ്റ്ഫോം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ഒരു ഇൻഫർമേഷൻ ടെക്നോളജി കമ്പനിയെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി (പിടിഎ). പന്ത്രണ്ടു മാസത്തെ കരാർ നിർവഹണ കാലയളവ് നിശ്ചയിച്ചായിരിക്കും കമ്പനിയെ തിരഞ്ഞെടുക്കുക.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും നിരവധി ഏജൻസികളുമായും സഹകരിച്ച് മന്ത്രാലയം ഒരു സംരംഭം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രിയും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സാലിഹ് അൽ-ജാസർ 2022 ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 45,000 തൊഴിലവസരങ്ങൾ സഊദിവൽക്കരിക്കരിക്കാനാണ് പദ്ധതി.
ആധുനിക ഗതാഗത സാങ്കേതികവിദ്യകളുടെ പ്രാദേശികവൽകാരണം, സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള സംവിധാനം, അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകുന്നതിന് ട്രക്ക് മേഖലയുമായി ബന്ധപ്പെട്ട ഒരു സംവിധാനം എന്നിങ്ങനെ സ്ത്രീകളുടെ പങ്കാളിത്തത്തിനുള്ള പദ്ധതി ഉൾപ്പെടെ അടുത്ത ഒരു വർഷത്തിനുള്ളിൽ വിവിധ മേഖലകൾ തിരിച്ചറിയാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് വെർച്വൽ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യവരെ അൽ ജാസിർ പറഞ്ഞു.
ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കടൽ, വ്യോമ, റോഡ്, റെയിൽ ഗതാഗതം എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, തുറമുഖങ്ങളിലും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളിലും ഓട്ടോമേഷൻ പോലുള്ള സ്മാർട്ട് സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുക എന്നിവയാണ് ഗതാഗതത്തിനും ലോജിസ്റ്റിക്സിനും ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ.
പ്രാദേശികമായി രാജ്യത്തെ മുന്നിൽ നിർത്തുന്നതോടൊപ്പം ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സിൽ സഊദിയുടെ റാങ്കിംഗ് 55-ൽ നിന്ന് ആദ്യ പത്തിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യങ്ങൾ. ലോകത്തെ മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ മൂന്ന് സഊദി നഗരങ്ങളെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ വിജയത്തെ പിന്തുണയ്ക്കുന്നതിനായും ലോജിസ്റ്റിക് സേവനങ്ങൾ ഉപയോഗപ്പെടുത്തും.
വികസിത തുറമുഖങ്ങളും റെയിൽവേ കണക്റ്റിവിറ്റിയും ഉപയോഗിച്ച് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരം വികസിപ്പിക്കുന്നതിനുള്ള ആഗോള പദ്ധതികളുടെ പ്രധാന കേന്ദ്രമായി സഊദി അറേബ്യയെ മാറ്റുന്നതും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. വ്യക്തിഗത നിക്ഷേപകർക്ക് സഊദി വിപണിയുടെ ആകർഷണം വർദ്ധിപ്പിക്കുകയും അയൽരാജ്യങ്ങളുമായി ബന്ധിപ്പിച്ച് ചരക്കുകളുടെ നീക്കവും ഗതാഗതവും സുഗമമാക്കുകയും ചെയ്യും.
സമുദ്ര നാവിഗേഷനുള്ള ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമുകളും വ്യോമയാനത്തിനുള്ള രണ്ട് ആഗോള കേന്ദ്രങ്ങളും പദ്ധതിയിലുണ്ട്. ഒപ്റ്റിമൽ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി 69 ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമുകളുടെ വികസനം, 27 ലോജിസ്റ്റിക് ഏരിയകൾ, എട്ട് പ്രദേശങ്ങളിൽ ലാൻഡ് പോർട്ടുകൾ , ട്രക്ക് പാർക്കിംഗിനായി ഒമ്പത് മേഖലകൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.