മക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ ആഭ്യന്തര തീർഥാടകരെ പാർപ്പിക്കുന്നതിനുള്ള നടപടിക്രമ മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും. ആഭ്യന്തര തീർഥാടകർക്കായുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ മിന ഏരിയയിലെ ആഭ്യന്തര തീർഥാടകരെ പാർപ്പിക്കുന്നതിനുള്ള ക്യാമ്പുകളെ മൂന്ന് ഭാഗങ്ങളായും പാക്കേജുകളായും വിഭജിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യത്തെ ക്യാമ്പ് മിന ടവറുകളും രണ്ടാമത്തേത് കിദാന കമ്പനി വികസിപ്പിച്ച ടെന്റുകളുമാണ്. മൂന്നാമത്തേത് ‘ഹോസ്പിറ്റാലിറ്റി ടെന്റുകൾ’ എന്ന പേരിലുള്ള അവികസിത ടെന്റുകളാണ്.
പുണ്യസ്ഥലങ്ങൾക്ക് പുറത്തുള്ള തീർഥാടകരുടെ താമസത്തിനായി അധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കുന്ന സാഹചര്യത്തിൽ, നാലാമതൊരു കേന്ദ്രവും ഒരുക്കുന്നുണ്ട്. പുണ്യസ്ഥലങ്ങളുടെ പ്രദേശത്തിന് പുറത്ത് നാലാമത്തെ താമസ കേന്ദ്രം അവതരിപ്പിക്കുന്നതിനുള്ള സാധ്യത മന്ത്രാലയം ആരായുന്നുണ്ട്. ‘ഹോസ്പിറ്റാലിറ്റി പ്ലസ്’ പാക്കേജ് എന്ന് പേരിട്ടിരിക്കുന്ന ഈ സെഗ്‌മെന്റിന് കീഴിൽ, മക്കയിലെ ലൈസൻസുള്ള കെട്ടിടങ്ങളിൽ വീട് നൽകാനാണ് പദ്ധതി.
സാധാരണ ടെന്റിൽ ഒരു തീർഥാടകന് 2.5 ചതുരശ്ര മീറ്റർ വിസ്തീർണം എന്ന തോതിൽ വികസിപ്പിച്ച ടെന്റിൽ പരമാവധി ആറ് തീർഥാടകർക്ക് സൗകര്യവും അവികസിത ടെന്റിൽ ശരാശരി 1.6 ചതുരശ്ര മീറ്റർ എന്ന തോതിൽ 10 തീർഥാടകരുമായിരിക്കും അനുവദിക്കുക.
ഈ വർഷം ഹജ്ജ് ചെയ്യാൻ അനുവദിക്കുന്ന ആകെയുള്ള പത്ത് ലക്ഷം തീർഥാടകരിൽ, 850,000 (85 ശതമാനം) തീർഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയുള്ള പതിനഞ്ച് ശതമാനം അഥവാ 150,000 തീർഥാടകർ മാത്രമാണ് സഊദിക്കകത്ത് നിന്നുള്ള ആഭ്യന്തര ഹാജിമാർ.