ഒടുവിൽ പി.സി. ജോർജ് അറസ്റ്റിൽ

0
3828

വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിലാണ് അറസ്റ്റ്, തിരുവനന്തപുരം കേസിൽ അറസ്റ്റ് ഉടൻ, വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിൽ

കൊച്ചി: വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി. ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗത്തിലെ ജാമ്യം കോടതി റദ്ദാക്കിയതിനാലാണ് അറസ്റ്റ് . തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പി.സി ജോര്‍ജ് ഹാജരായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ജോര്‍ജിനെതിരെ കേസെടുത്തത് പാലാരിവട്ടം പൊലീസാണ്. ജോര്‍ജിനെ എ.ആര്‍.ക്യാംപില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പിന്നീട് എറണാകുളം എ.ആർ ക്യാമ്പിലേക്ക് മാറ്റി. പാലാരിവട്ടത്തെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് എ.ആർ ക്യാമ്പിലേക്ക് മാറ്റിയത്. വെണ്ണല കേസിൽ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കൊച്ചി പൊലീസ് ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലാരിവട്ടത്ത് എത്തിയിട്ടുണ്ട്. വെണ്ണല കേസിലെ നടപടികൾ പൂർത്തിയാക്കിയശേഷം ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ കേസിൽ ജാമ്യം റദ്ദാക്കിയിരുന്നു. പത്തു ദിവസത്തിനുള്ളിലാണ് പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയത്.

തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്. പാലാരിവട്ടം പ്രസംഗം അനന്തപുരി പ്രസംഗത്തിന്റെ തുടര്‍ച്ചയാണെന്ന് കോടതി നിരീക്ഷിച്ചു.