ജിദ്ദ: നൂറ്റാണ്ടുകളായി പരസ്പര സ്നേഹത്തിലും സൗഹൃദത്തിലും സമാധാനപൂർവ്വം ഒരുമിച്ച് ജീവിച്ച് പോരുന്ന കേരളത്തിലെ വിവിധ മത സമൂഹങ്ങൾക്കിടയിൽ ശംസയത്തിൻ്റെയും വിദ്വേഷത്തിന്റെയും വിഭാഗീയ വിഷ വിത്ത് വിതക്കുന്ന സി.പി.എം. ജനങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയത്തിനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്ന ക്രൂര വിനോദം അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം ആവശ്യപ്പെട്ടു.സഊദി പര്യാടനത്തിനിടയിൽ ജിദ്ദ കെ.എം.സി.സി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമീർ, ഹസ്സൻ, കുഞ്ഞാലികുട്ടി കൂട്ട് കെട്ട് എന്ന് പറഞ്ഞ് മുസ്‌ലിം വിരോധത്തിൻ്റെ വിഷം ചീറ്റിയാണ് സി.പി.എം.കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. മദ്രസയിലെ അധ്യാപകർക്ക് ശമ്പളം നൽകുന്നത് പേലും സർക്കാർ ഖജനാവിൽ നിന്നാണെന്നുൾപ്പെടെ പെരും കള്ളം പെരുമ്പറ കൊട്ടിയാണ് സി.പി.എം വോട്ട് പിടിച്ചത്.
കേവല രാഷ്ട്രീയ വിജയത്തിനായ് സംഘ് പരിവാറിനെ പ്രീണിപ്പിക്കുന്ന ഇത്തരം പ്രവണതകൾ മതേതര കേരളത്തെ ഭ്രാന്താലയമാക്കി മാറ്റും.
ഇസ്‌ലാമോഫോബിയക്ക്
ചൂട്ട് പിടിച്ച സി.പി.എം
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും കാണാത്ത രീതിയിലാണ് പൗരത്വ സമരങ്ങൾക്കെതിരെ കേസെടുത്തത് തെരഞ്ഞെടുപ്പിൻ്റെ തൊട്ട് മുമ്പ് കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞു വോട്ട് വാങ്ങി വീണ്ടും സമുദായത്തെ കപളിപ്പിച്ചു. സച്ചാർ കമ്മീഷൻ മുസ്‌ലിംകൾക്ക് മാത്രമായി നൽകിയ സ്കോളർഷിപ്പും സംവരണവും പാവപ്പെട്ട സമുദായത്തിൻ്റെ കയ്യിൽ നിന്നും തട്ടിപറിച്ച് മറ്റുള്ളവർക്ക് നൽകി പ്രീണനം നടത്തി. ഇപ്പോൾ വഖഫ് ബോർഡിൽ പോലും മറ്റ് സമുദായക്കാരെ തിരികി കയറ്റി കൊണ്ടിരിക്കുകയാണ്.
വഖഫ് കയ്യേറ്റത്തിനെതിരെ മുസ്‌ലിം ലീഗ് തുടങ്ങി വെച്ച സമരത്തിൻ്റെ മൂന്നാം ഘട്ടം ശക്തമായി മുന്നോട്ട് പോവുമെന്നും പൊതുമുതൽ കൊള്ളയടിച്ച്
നാട് മുടിക്കുന്ന ജനദ്രോഹ സർക്കാറിനെതിരെ പൊതുജനങ്ങളെ അണിനിരത്തി യു ഡി എഫ് ഒറ്റകെട്ടായ് സമരം ചെയ്യുമെന്നും തൃക്കാകരയിൽ ഉമാ തോമസ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. സഊദി കെ.എം.സി.സി. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.എം.എ.റഹൂഫ്, വി.പി.മുസ്തഫ, നാസർ എടവനക്കാട് പ്രസംഗിച്ചു. ലത്തീഫ് മുസ് ലിയാരങ്ങാടി നന്ദി പറഞ്ഞു.
സി.കെ.റസാഖ് മാസ്റ്റർ, ഇസ്മായീൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, പി.സി.എ.റഹ്മാൻ,
നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞാറക്കോടൻ,
മജീദ് പുകയൂർ, സയ്യിദ് ഉബൈദുള്ള തങ്ങൾ, ശിഹാബ് താമരക്കുളം എന്നിവർ പങ്കെടുത്തു. കെ.എം.സി.സി. സ്ഥാപകിൽ പ്രമുഖനും ജിദ്ദ കെ.എം.സി.സിയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പി.എം.എ.സലാം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം ആദ്യമായാണ് ജിദ്ദയിലെത്തിയത്. ജിദ്ദ കെ.എം.സി.സി അദ്ദേഹത്തിന് ആദരപത്രം നൽകി. വൻ ജനകൂട്ടമാണ് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനായ് തടിച്ച് കൂടിയത്.