റിയാദ്: സഊദിയിൽ കോഴിയിറച്ചി വില വർധിപ്പിച്ച് പൗള്‍ട്രി കമ്പനികള്‍. കോഴിയിറച്ചി വില അര റിയാല്‍ മുതല്‍ ഒരു റിയാല്‍ വരെയാണ് ഉയർത്തിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കോഴിത്തീറ്റ വില ടണ്ണിന് 75 റിയാല്‍ മുതല്‍ 112 റിയാല്‍ വരെ കോഴിത്തീറ്റ ഫാക്ടറികള്‍ ഉയര്‍ത്തിയിരുന്നു. കോഴിത്തീറ്റ വില നാലു മുതല്‍ അഞ്ചു ശതമാനം വരെയാണ് ഫാക്ടറികള്‍ ഉയര്‍ത്തിയത്. പിന്നാലെയാണ് പൗള്‍ട്രി കമ്പനികള്‍ കോഴിയിറച്ചി വിലയും ഉയര്‍ത്തിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു കിലോ തൂക്കമുള്ള കോഴിയിറച്ചി പേക്ക് വില 17 റിയാലില്‍ നിന്ന് 18 റിയാലായാണിപ്പോൾ. 700 ഗ്രാമിന് വില 14 റിയാലില്‍ നിന്ന് 15 റിയാലായും 800 ഗ്രാം പേക്കറ്റിന് 15 റിയാലില്‍ നിന്ന് 16 റിയാലായും ഉയർത്തി.
900 ഗ്രാം പേക്കറ്റിന്റെ വില 17 റിയാലാക്കിയിട്ടുണ്ട്. നേരത്തെ ഇത് 16 റിയാൽ ആയിരുന്നു. 1,100 ഗ്രാം പേക്കറ്റിന്റെ വില 18 റിയാലില്‍ നിന്ന് 18.50 റിയാലായും 1,200 ഗ്രാം പേക്കറ്റിന്റെ വില 18.50 റിയാലില്‍ നിന്ന് 19 റിയാലായും 1,300 ഗ്രാം പേക്കറ്റിന്റെ വില 19 റിയാലില്‍ നിന്ന് 20 റിയാല്‍ ആയുമായാണ് കമ്പനികള്‍ ഉയര്‍ത്തിയിരിക്കുന്നത്.
കോഴിത്തീറ്റ വില നിരന്തരം വര്‍ധിക്കുന്നതും ഉല്പാദന ചെലവ് ഉയര്‍ത്തുന്നുണ്ട്. കോഴിത്തീറ്റ വില ടണ്ണിന് 1,865 റിയാല്‍ മുതല്‍ 2,075 റിയാല്‍ വരെയാണ് നിലവിലെ വില. ഏപ്രിലില്‍ ഇത് 1,790 റിയാല്‍ മുതല്‍ 1,967 റിയാല്‍ വരെയായിരുന്നു. കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള മുട്ടയുടെ വിലയും കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഉയര്‍ന്നതും കോഴിയിറച്ചി വില ഉയര്‍ത്താന്‍ കമ്പനികളെ പ്രേരിപ്പിച്ച ഘടകമാണ്. കഴിഞ്ഞ നവംബറില്‍ കോഴിക്കുഞ്ഞുങ്ങളുടെ വില 11 ശതമാനം തോതില്‍ വര്‍ധിച്ചിരുന്നു.




