ഇസ്‌ലാഹി സെന്റർ ജിദ്ദ നാൽപതാം വാർഷിക ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ: “നന്മയിൽ നാൽപ്പതാണ്ട്” എന്ന തലക്കെട്ടിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിക്കുന്ന നാൽപ്പതാം വാർഷിക പരിപാടികളുടെ ലോഗോ പ്രകാശനം മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും മലയാളം ന്യൂസ് എസിറ്ററുമായ മുസാഫിർ നിർവ്വഹിച്ചു. ഇസ്‌ലാഹി സെന്ററിന്റെ പ്രവർത്തനം തന്റെ പ്രവാസത്തിന്റെ തുടക്കം മുതൽ വീക്ഷിക്കുന്നുണ്ടെന്നും മത പ്രബോധനത്തോടൊപ്പം തന്നെ സാമൂഹ്യ – സാംസ്കാരിക മേഖലകളിൽ സെൻറിന്റെ പ്രവർത്തനങ്ങൾ ജിദ്ദ സമൂഹത്തിൽ കയ്യൊപ്പ് ചാർത്തിയിട്ടുണ്ടെന്നും ലോഗോ പ്രകാശനം നിർവ്വഹിച്ച് കൊണ്ട് മുസാഫിർ പറഞ്ഞു.

ഇസ്‌ലാഹി സെന്റർ യുവജന വിഭാഗമായ ഫോക്കസിന്റെ പ്രവർത്തനങ്ങൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും സെൻറർ സ്ഥാപക നേതാവായിരുന്ന പരേതനായ പ്രൊഫ. കെ മുഹമ്മദിനെപ്പോലെ ധിഷണയുള്ള നേതാക്കളുടെ വിടവ് ഇന്നും ജിദ്ദ പ്രവാസലോകത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാൽപത് വർഷം മുമ്പ് തുടങ്ങിയതിനേക്കാൾ ആവേശത്തോടെയാണ് സെന്റർ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്ന് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും ഇനിയും മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കാനാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

നാല്പതാം വാർഷിക പരിപാടികളുടെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന ദരിദ്ര മേഖലകളിൽ 40 കുഴൽ കിണറുകൾ നിർമിച്ചു നൽകുമെന്ന് ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ പ്രസ്താവിച്ചു. കൂടുതൽ പദ്ധതികളും പരിപാടികളും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻ്ററിന്റെ നാൽപത് വർഷത്തെ പ്രയാണത്തിലെ സുപ്രധാന പ്രവർത്തനങ്ങൾ സെന്റർ സ്ഥാപക അംഗം കൂടിയായ ട്രഷറർ സലാഹ് കാരാടൻ വിവരിച്ചു. ജിദ്ദയിലെ ആദ്യ മദ്റസ , സ്വകാര്യ സി ബി എസ് സി സ്കൂൾ, ആദ്യ വനിതാ സംഘടനയായ ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ, ഇസ്പാഫ് തുടങ്ങി ജിദ്ദ സമൂഹത്തെ സ്വാധീനിച്ച വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത് ഇസ്‌ലാഹി സെന്ററിൽ നിന്നായിരുന്നു എന്ന് അദ്ദേഹം ഓർത്തെടുത്തു.

‘സെൻ്ററിന്റെ ദൗത്യവും പ്രയാണവും’ എന്ന വിഷയത്തിൽ ലിയാഖത്ത് അലിഖാൻ പ്രഭാഷണം നിർവ്വഹിച്ചു. ഇസ്‌ലാഹി സെന്റർ ജിദ്ദ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ സ്വാഗതവും ജനറൽ സെക്രട്ടറി ഷക്കീൽ ബാബു നന്ദിയും പറഞ്ഞു