ഏവരെയും ദുഃഖത്തിലാഴ്ത്തി സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു

0
3399

കഴിഞ്ഞ ദിവസം ഇരുവരെയും വേർപ്പെടുത്തിയതിനു പിന്നാലെയാണ് ദുഃഖ വാർത്ത എത്തിയത്

റിയാദ്: റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ കഴിഞ്ഞ ദിവസം വിജയകരമായി വേർപ്പെടുത്തിയ യമനി സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു. ഇരുവരെയും വേർപ്പെടുത്തുന്ന ശസ്ത്രക്രിയ പൂർത്തീകരിച്ച രണ്ടാം ദിവസമാണ് ഇരട്ടകളിൽ ഒരാൾ മരിച്ചത്. തലകൾ ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച യെമൻ സയാമീസ് ഇരട്ടകളായ “യൂസഫിനേയും യാസിനേയും” കഴിഞ്ഞ ദിവസമാണ് 15 മണിക്കൂർ നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേർപിരിയൽ പ്രക്രിയയിൽ ശസ്ത്രക്രിയാ സംഘത്തിന് വലിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു. എങ്കിലും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചിരുന്നു. എന്നാൽ, ശസ്ത്രക്രിയയുടെ രണ്ടാം ദിവസത്തിൽ കുട്ടികളിൽ ഒരാൾ മരിക്കുകയായിരുന്നു. മരിച്ച കുട്ടിക്ക് പൂർണ്ണ വൈദ്യസഹായം നൽകിയിട്ടും രക്തചംക്രമണത്തിലെ ഗണ്യമായ കുറവും ഹൃദയസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചത്.

രണ്ടാമത്തെ ഇരട്ടയുടെ നില തൃപ്തികരമാണെന്നും എന്നാൽ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് പാഡിയാട്രിക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കുട്ടി ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ശസ്ത്രക്രിയാ സംഘം കൂട്ടിച്ചേർത്തു.

യമൻ സ്വദേശിയായ മുഹമ്മദ് അബ്ദുൽ റഹ്മാന്റെ മക്കളായ സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷത്തിൽ കഴിയവേയാണ് കിങ് സൽമാൻ റിലീഫ് സെന്ററിനെ ദുഃഖത്തിലാഴ്ത്തി മരണം വന്നെത്തിയത്. റിയാദിലെ നാഷണൽ ഗാർഡിന് കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു ഇവരുടെ ശസ്ത്രക്രിയ നടത്തിയത്.

ഇരു വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന്റെ നിർദ്ദേശ പ്രകാരമായിരുന്നു തലകൾ ഒട്ടിച്ചേർന്ന നിലയിലായ യമനിൽ നിന്നുള്ള യൂസഫിനേയും യാസിനെയും റിയാദിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്തേഷ്യ എന്നിവയിലെ 24 വിദഗ്ധരും ഡോ: മുഅതസിം അൽ സൗബിയുടെ നേതൃത്വത്തിലുള്ള നഴ്‌സിംഗ്, ടെക്‌നീഷ്യൻമാരുടെ പങ്കാളിത്തത്തോടെ തുടർച്ചയായ 15 മണിക്കൂർ നീണ്ടുനിൽക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് നടത്തിയിരുന്നത്.

ഓപ്പറേഷൻ സങ്കീർണ്ണമായിരുന്നുവെന്ന് ശസ്ത്രക്രിയാ സംഘം നേരത്തെ തന്നെ അറിയിച്ചിരുന്നു. വർദ്ധിച്ച രക്തസ്രാവം കാരണം ഇരട്ടകളായ യാസിൻ ചില ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നും ഇത് സംഘം കൈകാര്യം ചെയ്തുവെന്നും അറിയിച്ചിരുന്നു.

റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ: അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് അതിസങ്കീർണമായ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.