റിയാദ്: സഊദി അറേബ്യക്ക് മീഥേൻ കയറ്റുമതി ചെയ്യാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി ഊർജ്ജ മന്ത്രാലയം. എല്ലാ ഉൽപ്പാദനവും പ്രാദേശികമായി വിനിയോഗിക്കുമെന്നും നിലവിലെ ക്രൂഡിന്റെ ആവശ്യത്തിന് തുല്യമായ ശുദ്ധീകരണ ശേഷിയുമില്ലെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
പരമാവധി ഉൽപ്പാദനശേഷി പ്രതിദിനം 13.3 ദശലക്ഷം ബാരലിൽ നിന്ന് 13.4 ദശലക്ഷം ബാരലായി ഉയർത്തുമെന്ന് ബഹ്‌റൈനിൽ നടന്ന 29-ാമത് മിഡിൽ ഈസ്റ്റ് പെട്രോളിയം ആൻഡ് ഗ്യാസ് കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ ഊർജ മന്ത്രി പറഞ്ഞു. 2026 അവസാനത്തോടെയോ 2027 തുടക്കത്തോടെയോ ആയിരിക്കും ഇത്ര വലിയ തോതിലുള്ള ഉത്പാദന ലക്ഷ്യം.
ഊർജ ഉൽപ്പാദനം ഗ്യാസിലേക്കും പ്രാദേശികമായി പുനരുപയോഗിക്കാവുന്ന മറ്റു ഊർജത്തിലേക്കും മാറ്റുന്നത് പ്രതിദിനം ഒരു മില്യൺ ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ദുറ വാതകപ്പാടം ഇറാനുമായി ചർച്ച ചെയ്യാൻ രാജ്യവും കുവൈത്തും ആഗ്രഹിക്കുന്നുവെന്നും രണ്ട് രാജ്യങ്ങൾ തമ്മിൽ വിഭവങ്ങളിൽ പൊതുവായ താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഊർജ മേഖലയിലെ എല്ലാ തലങ്ങളിലും ഉൽപ്പാദന ശേഷി കുറയുന്നത് ലോകം ശ്രദ്ധിക്കേണ്ട ഒരു ആഗോള പ്രശ്‌നമാണെന്നും വിദേശത്ത് അരാംകോയുടെ അപ്‌സ്ട്രീം പ്രവർത്തനങ്ങളിൽ രാജ്യം കൂടുതൽ നിക്ഷേപം തേടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.