സഊദിയിൽ അവയവദാനത്തിന് പണം നൽകാനോ സ്വീകരിക്കാനോ പാടില്ലെന്ന് ഹെൽത്ത് കൗൺസിൽ; നിയമ ലംഘകരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികൾ

0
1390

റിയാദ്: സൗദിയിൽ അവയവദാനത്തിന് പണം നൽകാനോ സ്വീകരിക്കാനോ പാടില്ലെന്ന് സൗദി ഹെൽത്ത് കൗൺസിൽ. നിയമ ലംഘകരെ കാത്തിരിക്കുന്നത് ശിക്ഷാ നടപടികൾ.
അവയവദാനം നടത്തുന്നവരുടെ പെരു വിവരങ്ങൾ പുറത്തു വിടാൻ പാടില്ലെന്നും നിയമത്തിലെ പത്താം വകുപ്പ് അനുശാസിക്കുന്നു.

ഇത് ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. വ്യവസ്ഥകൾ ലംഘിക്കുന്ന ആശുപത്രികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.

അവയവം ദാനം ചെയ്യുന്നവരും അനന്തരാവകാശികളും ബന്ധുക്കളും ഏതെങ്കിലും രീതിയിൽ പണം ആവശ്യപ്പെടുന്നതും അവയവം സ്വീകരിച്ചവരിൽനിന്നും ബന്ധുക്കളിൽനിന്നും ആശുപത്രിയിൽ നിന്നും മറ്റും പണം സ്വീകരിക്കുന്നതും നിയമാവലിയിലെ പന്ത്രണ്ടാം വകുപ്പ് വിലക്കുന്നു. അവയവദാനത്തിന് സമ്മതിക്കുന്നതിനു പകരം അവയവം ദാനം ചെയ്യുന്നവർക്കോ അനന്തരാവകാശികൾക്കോ ബന്ധുക്കൾക്കോ അവയവം സ്വീകരിക്കുന്നവർ ഏതെങ്കിലും രീതിയിൽ പണം നൽകാൻ പാടില്ല.

അവയവദാതാവിന്റെ ജീവന് ഭീഷണിയാവുകയും സാധാരണ ജീവിതത്തിന് ബാധിക്കുകയും ചെയ്യുന്ന നിലയിലുള്ള അവയവദാനം വിലക്കുന്നു.
അവയവമാറ്റ ശസ്ത്രക്രിയ പരാജയപ്പെടാനാണ് സാധ്യത കൂടുതലെന്ന് മെഡിക്കൽ സംഘത്തിന് തോന്നിയാലും അവയവദാനം നിയമം വിലക്കുന്നു. പൂർണ മാനസിക ആരോഗ്യമില്ലാത്ത, ജീവിച്ചിരിക്കുന്ന വ്യക്തിയുടെ അവയവം ദാനം ചെയ്യുന്നതിനും വിലക്കുണ്ട്.

മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പാടില്ലെന്ന് ഒസ്യത്ത് ചെയ്യുന്നവരുടെ അവയവങ്ങളും ദാനം ചെയ്യാൻ പാടില്ല.