റിയാദ്: തീവ്രവാദ പ്രവർത്തനമടക്കമുള്ള
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഹൂതി ഭീകരനെയടക്കം മൂന്നു പേരെ സഊദിയിൽ ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയരാക്കി.
ഹൂതി ഭീകരനായ മുഹമ്മദ് അബ്ദുൽ ബാസ്വിത് അൽ മുഅല്ലമി എന്ന യമൻ പൗരനെയാണ് ചാര പ്രവർത്തനത്തിനായി നുഴഞ്ഞ് കയറിയതിന് വധശിക്ഷക്ക് വിധേയനാക്കിയത്.
ഹൂതി ഭീകര സംഘടനയിൽ ചേർന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കുന്നതിനും ഇയാൾ പരിശീലനം നേടിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിരവധി ഭീകരാക്രമണങ്ങളിൽ ഭാഗമാകുകയും പരിശോധന നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ നിറയൊഴിച്ച് കൊലപ്പെടുത്തുകയും ഭീകര പ്രവർത്തനത്തിനു ധന സഹായം ചെയ്യുകയും സുരക്ഷാ സംവിധാനങ്ങൾക്ക് ഭീഷണിയുയർത്തുകയും ചെയ്ത കേസിൽ ഹുസൈൻ ബിൻ അലി ആൽ ബൂ അബ്ദുല്ല എന്ന സൗദി പൗരന്റെ വധശിക്ഷയും നടപ്പാക്കി.
ഭീകര സെല്ലിൽ ഭാഗമാകുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും കലാപാഹ്വാനം ചെയ്യുകയും തന്റെ വീട് ആയുധപ്പുരയാക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണവും കൊലപാതകവും നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത മുഹമ്മദ് ബിൻ ഖിള്ർ അൽ അവാമി എന്ന സൗദി പൗരനെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. മൂന്നു പേർക്കെതിരെയുള്ള വധ ശിക്ഷ നടന്നത് റിയാദിലാണ്.