മലപ്പുറം: പോക്സോ കേസിൽ പ്രതിയായ, രാജിവച്ച സിപിഐഎം നഗരസഭാ അംഗവും മുൻ അധ്യാപകനുമായ കെ വി ശശികുമാറിൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാവുന്നു. പരാതിക്കു പിന്നാലെ ഇയാൾക്കെതിരെ ലൈംഗികാരോപണവുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തുവന്നിട്ടും ഇയാളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറാവാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇയാളുടെ അറസ്റ്റ് വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും ഫ്രറ്റേണിറ്റിയും വിമൻ ജസ്റ്റിസ് മൂവ്മെന്റുമടക്കമുള്ള സംഘടനകൾ മലപ്പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
ലൈംഗികാതിക്രമം സംബന്ധിച്ച പൂർവ വിദ്യാർഥികളുടെ പരാതിയിൽ ശശികുമാറിനെതിരെ മലപ്പുറം വനിതാ പൊലീസ് കഴിഞ്ഞദിവസം പോക്സോ, ജുവൈനൽ ജസ്റ്റിസ് ആക്ട്, ഐപിസി 364എ എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ഇയാളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഇയാൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാണെന്നും മലപ്പുറം വനിതാ പൊലീസ് സ്റ്റേഷൻ എസ്ഐ സന്ധ്യ ടി വി പറഞ്ഞു. നിലവിൽ ഒരു പരാതിയാണ് ലഭിച്ചിരിക്കുന്നത്.
മലപ്പുറത്തെ സെൻ്റ്. ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന ശശികുമാർ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പരാതി. 30 വർഷത്തെ സർവീസിൽ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. സ്‌കൂളില്‍ ഗണിതാധ്യാപകനായിരുന്ന കെ വി ശശികുമാര്‍ മാര്‍ച്ചിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
വിരമിക്കലിനോട് അനുബന്ധിച്ച് സ്‌കൂളില്‍ വന്‍ ആഘോഷമായി യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ഒരു പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ശശികുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധ്യാപകനില്‍ നിന്ന് ദുരനുഭവമുണ്ടായ കൂടുതല്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സ്‌കൂളില്‍ നേരത്തെ പഠിച്ച ഒട്ടേറെ പെണ്‍കുട്ടികളും യുവതികളുമാണ് ഇയാളില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രതികരിച്ചത്.
ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായ രണ്ട് കുട്ടികള്‍ ആത്മഹത്യാശ്രമം നടത്തിയ സംഭവമുണ്ടായി. ഒരു കുട്ടിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമമാണ് ഉണ്ടായത്.
ശരീരത്തില്‍ മുറിവേറ്റ ഒരു കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യമുണ്ടായി. ഒമ്പത് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്. അധ്യാപകന്റെ ലൈംഗികാതിക്രമം സംബന്ധിച്ച് സ്‌കൂളില്‍ പരാതി നല്‍കിയാലും പരാതിപ്പെട്ടവരെ വഴക്ക് പറയുകയായിരുന്നു സ്‌കൂളിലെ രീതിയെന്നും പൂർവ വിദ്യാർഥികൾ പറയുന്നു.
ശശികുമാറിനെതിരേ ഒട്ടേറെ ആരോപണങ്ങൾ വന്നതോടെയാണ് പൂർവ വിദ്യാർഥി കൂട്ടായ്മ ഇക്കാര്യത്തിൽ ആദ്യം അന്വേഷണം നടത്തിയതെന്ന് കൂട്ടായ്മയുടെ പ്രതിനിധിയായ ബീന പിള്ള പറഞ്ഞു. ‘ഒരുപാട് വിവരങ്ങളാണ് പൂർവ വിദ്യാർഥികൾ വെളിപ്പെടുത്തിയത്. ശരീരത്തിൽ സ്പർശിച്ചത് പോലെയുള്ള അതിക്രമമാകും അധികം സംഭവിച്ചിട്ടുണ്ടാകുകയെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. എന്നാൽ പലരും അവരുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയപ്പോൾ ഞെട്ടിപ്പോയി. ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായ രണ്ട് കുട്ടികൾ ആത്മഹത്യാശ്രമം നടത്തിയ സംഭവമുണ്ടായി. ഒരു കുട്ടിക്ക് നേരേ ക്രൂരമായ ലൈംഗികാതിക്രമമാണ് ഉണ്ടായത്. ശരീരത്തിൽ മുറിവേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയ സാഹചര്യമുണ്ടായെന്നും ബീന പിള്ള പറഞ്ഞു.
’30 വർഷത്തിലേറെയാണ് ശശികുമാർ സ്കൂളിൽ സർവീസിലുണ്ടായിരുന്നത്. ഇക്കാലയളവിൽ ഒട്ടേറെ കുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടാകും. ഒമ്പത് വയസ്സ് മുതൽ 12 വയസ്സുവരെയുള്ള യു.പി. ക്ലാസുകളിലെ കുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. നേരിട്ടത് ലൈംഗികാതിക്രമമാണെന്ന് പലർക്കും ആ പ്രായത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇത് മനസിലാക്കി സ്കൂളിൽ പരാതി നൽകിയാലും പരാതിപ്പെട്ടവരെ വഴക്ക് പറയുകയായിരുന്നു സ്കൂളിലെ രീതി. കുട്ടികൾ പല സമയത്തും സ്കൂളിൽ പരാതി നൽകിയിരുന്നു.
ചിലർ മാതാപിതാക്കളെയും കൂട്ടിയെത്തിയാണ് പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയുമായെത്തുന്ന പെൺകുട്ടികളെ പോലീസ് കേസും മറ്റും പറഞ്ഞ് അധികൃതർ പിന്തിരിപ്പിക്കുകയാണ് ചെയ്തിരുന്നത്. പരാതി രേഖാമൂലം വേണമെന്നും പോലീസിന് കൈമാറണമെന്നും പറയുമ്പോൾ സ്വാഭാവികമായും കുട്ടികളും മാതാപിതാക്കളും ഭയന്നുപിന്മാറുകയായിരുന്നു. കുട്ടികളെ പോലീസ് സ്റ്റേഷനിൽ കയറ്റിയിറക്കാൻ ആരും തയ്യാറാകില്ലല്ലോ. അതിനാൽ പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. പോക്സോ നിയമമെല്ലാം വരുന്നതിന് മുമ്പായിരുന്നു പല സംഭവങ്ങളും.- ബീന പിള്ള വിശദീകരിച്ചു.