സൗദിയിൽ ജനസംഖ്യ കണക്കെടുപ്പിന് തുടക്കം: എല്ലാ വ്യക്തികളുടെയും വിശദവിവരങ്ങള്‍ ശേഖരിക്കും

0
2511

റിയാദ്: സൗദിയിൽ ജനസംഖ്യ കണക്കെടുപ്പിന് തുടക്കം. സൗദിയിലുള്ള വിദേശികളടക്കം എല്ലാ വ്യക്തികളുടെയും വിശദവിവരങ്ങള്‍ ശേഖരിക്കും.

ഒരു മാസം മുമ്പ് സെന്‍സസ് ഉദ്യോഗസ്ഥര്‍ എല്ലാ കെട്ടിടങ്ങളിലും കുടുംബ നാഥന്റെ പേരില്‍ പ്രത്യേക സ്റ്റിക്കര്‍ പതിച്ചിരുന്നു. ഇത്തരം കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടെ വിശദ വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുക. ഇതിന്നായി മൂന്നു സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴിയോ അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റാഫുകള്‍ വഴിയോ പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കണം. വ്യക്തികളുടെ മൊബൈല്‍ നമ്പര്‍, പേര്, അഡ്രസ്, തുടങ്ങിയ കാര്യങ്ങള്‍ രഹസ്യമാക്കിവെക്കുമെന്നും അതോറിറ്റി ഇന്നലെ മുതല്‍ ആരംഭിച്ച കണക്കെടുപ്പ് ജൂണ്‍ 15 വരെ നീണ്ടു നിൽക്കും.

അമ്പത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ഫോമില്‍ നല്‍കേണ്ടത്. കെട്ടിടത്തിലെ റൂമുകളുടെ എണ്ണം, താമസിക്കുന്നവരുടെ ആരോഗ്യനില, കുടുംബത്തിലെ ഓരോ വ്യക്തികളുടെയും വിദ്യാഭ്യാസം, സംസാര ഭാഷ, വരുമാനം, താമസിക്കുന്നവരുടെ എണ്ണം തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്. പ്രത്യേക യൂണിഫോം ധരിച്ച, തിരിച്ചറിയല്‍ കാര്‍ഡുള്ള ഉദ്യോഗസ്ഥരെയാണ് സെന്‍സസിന് നിയോഗിച്ചിരിക്കുന്നത്.