വിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിലും പുതിയ തരം ഇന്ധനങ്ങൾ കണ്ടുപിടിക്കുന്നതിലും ശ്രദ്ധയൂന്നി സഊദി അറേബ്യ

0
1464

റിയാദ്: വ്യോമയാന മേഖലയുടെ മുഖ്യാധാരം ഊർജമാണെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. വിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിനും പുതിയ തരം ഇന്ധനങ്ങൾ കണ്ടുപിടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ മന്ത്രാലയം ശ്രദ്ധയൂന്നി പ്രവർത്തിക്കുന്നുവെന്നും തിങ്കളാഴ്ച റിയാദിൽ നടന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

ഊർജ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് അബ്ദുൾ അസീസ് രാജകുമാരൻ ആവശ്യപ്പെട്ടു. വിമാനത്തിന്റെ വലിപ്പം കുറയ്ക്കുന്നത് ഊർജ ഉപഭോഗം കുറയ്ക്കുന്നതിന് സഹായകമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിമാന നിർമ്മാണ ചെലവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി.

കുറഞ്ഞ കാർബൺ പുറന്തള്ളുന്ന എഞ്ചിനുകൾ ഉൽപ്പാദിപ്പിക്കുന്നതിൽ വ്യോമയാന കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കും.
മറ്റ് ഉൽപന്നങ്ങൾക്കായി വീണ്ടും ഉപയോഗിക്കാവുന്ന കാർബൺ ഉൽപ്പാദനം ഉണ്ടെന്നും അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു.

കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് മൂന്ന് ദിവസത്തെ ഫോറം സംഘടിപ്പിക്കുന്നത്.

അറിവും ആശയങ്ങളും കൈമാറ്റം ചെയ്യാനും വിഭവങ്ങളും ശേഷിയും വികസിപ്പിക്കുന്നതിലെ മികച്ച അനുഭവങ്ങളും സമ്പ്രദായങ്ങളും ചർച്ച ചെയ്യാനും അവസരമൊരുക്കുന്ന സിവിൽ ഏവിയേഷൻ മേഖലയിലെ ഗുണപരവും അതുല്യവുമായ ഒരു അന്താരാഷ്ട്ര ഇവന്റായി ഫോറം കണക്കാക്കപ്പെടുന്നു.