രൂപയ്ക്ക് റെക്കോഡ് തകർച്ച; ഇന്ത്യൻ രൂപ കൂപ്പ് കുത്തുന്നു, ഡോളറിനെതിരെ 77 രൂപ 40 പൈസയുടെ ഇടിവ്

0
5466

ന്യൂഡൽഹി: രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറിനെതിരെ 77 രൂപ 40 പൈസയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. കൊവിഡ് വ്യാപനവും യുക്രൈൻ യുദ്ധവും അമേരിക്കയിലെ പലിശ നിരക്കിലെ വ്യത്യാസവുമാണ് രൂപയുടെ വില തകർച്ചയ്ക്ക് കാരണമായി കരുതുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ രൂപക്ക് വീണ്ടും കനത്ത ഇടിവ് വന്നതോടെ വിദേശ വിനിമയ ഇടപാടിൽ ഇന്ത്യൻ രൂപക്കെതിരെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഗൾഫ് കറൻസികൾക്ക് ലഭിക്കുന്നത്. ഒരു സഊദി റിയാലിന് രാജ്യാന്തര വിപണിയിൽ 20.66 രൂപയാണ് ഇപ്പോഴത്തെ ഓൺലൈൻ നിരക്ക്. ഏറ്റവും ഉയർന്ന നിരക്കാണിത്. ബാങ്കുകളും മറ്റ് പണമിടപാട് സ്ഥാപനങ്ങളും വഴി പണം അയക്കുന്നവർക്ക് താരതമെന്യ ഇതിൽ നിന്ന് കുറവാണെങ്കിലും മെച്ചപ്പെട്ട റേറ്റ് ലഭിക്കുന്നുണ്ട്.

കുറച്ചു ദിവസങ്ങൾ കൂടി നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഗൾഫ് പ്രവാസികൾക്ക് ഇത് നേട്ടം ഉണ്ടാകുമെങ്കിലും അത് താത്കാലികം മാത്രമായിരിക്കും. സാമ്പത്തിക ഭവിഷ്യത്ത് രാജ്യം നേരിടുകയും വേണ്ടി വരും.

കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യം കൂപ്പു കുത്തികൊണ്ടിരിക്കുകയാണ്. റഷ്യൻ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് കിഴക്കൻ യൂറോപ്പിൽ ആശങ്കകൾ നിലനിൽക്കുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇപ്പോഴത്തെ കാഴ്ച .

സഊദി റിയാൽ 20.66, യുഎഇ ദിർഹം 21.09, ഖത്തർ റിയാൽ 21.28, ഒമാൻ റിയാൽ 201.52, ബഹ്‌റൈൻ ദിനാർ 206.08, കുവൈത് ദിനാർ 252.42 എന്നിങ്ങനെയാണ് നിലവിലെ പ്രമുഖ ഓൺലൈൻ സൈറ്റ് മുഖേനയുള്ള വില. എന്നാൽ, ഡോളറിനു ഇന്നത്തെ വിലയിൽ കുറഞ്ഞ അവസരത്തിലും ചില ഗൾഫ് കറൻസികൾക്ക് ഇന്നത്തെ വിലയെക്കാൾ ഉയർന്ന വില നേരത്തെ ലഭിച്ചിട്ടുണ്ട്.

വിദേശ നിക്ഷേപം കുറഞ്ഞതുമൂലമുള്ള, ആഭ്യന്തര ഓഹരികളിലെ ഇടിവും ക്രൂഡ് ഓയിൽ വില വര്‍ധനയും നിക്ഷേപകരെ ബാധിച്ചതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇതാണ് രൂപയുടെ വിനിമയ മൂല്യം ഇടിയാൻ ഇടയാക്കുന്ന ഒരു കാരണം.

ഉയരുന്ന കറൻറ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയും രൂപയെ ബാധിച്ചു. കൊവിഡ് കാലത്താണ് രൂപയുടെ വില തകർച്ച 70 കടക്കാൻ തുടങ്ങിയത്. രൂപയുടെ മൂല്യം കുറയുന്നതോടെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കു അടക്കം എടുത്തിട്ടുള്ള വിദേശ വായ്പകളുടെ തിരിച്ചടവ് തുക വർധിക്കും.