ജിദ്ദ വിമാനത്താവളത്തിൽ തിക്കും തിരക്കും; 10 വിമാനങ്ങൾ വൈകി; മലയാളി ഉംറ തീർഥാടകരടക്കം പ്രതിസന്ധിയിൽ

ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നോർത്ത് ടെർമിനലിൽ യാത്രക്കാരുടെ തിക്കും തിരക്കും. കഴിഞ്ഞ ദിവസം മുതൽ ഇവിടെ അനുഭവപ്പെട്ട കടുത്ത തിരക്ക് മൂലവും മറ്റു കാരണങ്ങളാലും 10 വിമാനങ്ങൾ വൈകിയതായി ഔദ്യോഗിക സ്രോതസുകൾ വെളിപ്പെടുത്തി.

കടുത്ത തിരക്കിനെ തുടർന്ന് കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യത്തേക്ക് വരുന്നതും പുറപ്പെടുന്നതുമായ തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി എമർജൻസി എക്‌സിറ്റ് ഗേറ്റും ഗേറ്റ് നമ്പർ 3 യും തുറന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരല്ലാത്തവർക്ക് എയർപോർട്ടിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.

ഇതോടെ 23 മലയാളി ഉംറ തീർഥാടകരടക്കം യാത്ര ചെയ്യാനാവാതെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. നൂറുകണക്കിന് ഉംറ തീർഥാടകരരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.

മാർച്ച് 18ന് ഉംറ തീർഥാടന വിസയിൽ വന്ന 23 പേരും മദീന സന്ദർശനം പൂർത്തിയാക്കി മടക്കയാത്രക്കായി വിമാനം കയറാൻ കൃത്യസമയത്ത് ജിദ്ദ വിമാനത്താവളത്തിൽ എത്തിയിരുന്നു. അഞ്ച് മണിക്ക് പോകേണ്ടിയിരുന്ന ഇവർ ഉച്ചക്ക് 1.30ന് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, അകത്ത് കയറാൻ പറ്റാതിരുന്ന സാഹചര്യം വന്നതിനാലാണ് വിമാനയാത്ര മുടങ്ങിയതെന്ന് യാത്രക്കാർ പറഞ്ഞു. സലാം എയർ ലൈൻസിന്‍റെ വിമാനത്തിലായിരുന്നു ഇവർക്ക് പോകേണ്ടിയിരുന്നത്. ജിദ്ദയിൽ നിന്നും മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരായിരുന്നു ഇവർ.

അതെ സമയം, സംഭവത്തിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കടുത്ത തിരക്ക് മൂലം നിരവധി യാത്രാ വിമാനങ്ങൾ വൈകിയിട്ടുണ്ട്. നിരവധി യാത്രക്കാർക്കും യാത്ര മുടക്കം നേരിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്‌. യാത്രക്കാർ മണിക്കൂറുകൾ നേരത്തെ തന്നെ എയർപോർട്ടിൽ എത്തണമെന്ന് അനുഭവസ്ഥർ മലയാളംപ്രസിനോട് പറഞ്ഞു.

വീഡിയോ👇