തിരുവനന്തപുരം: പി.സി. ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തി പച്ചക്ക് വർഗീയത പറഞ്ഞ് വിവാദമായ ഹിന്ദു മഹാസമ്മേളനത്തില്‍ വീണ്ടും വർഗീയ പരാമർശങ്ങൾ. ഗള്‍ഫ് പ്രവാസി തന്നെയാണ് പ്രവാസി മലയാളികളെ തന്നെ ഏറെ നാണിപ്പിക്കുന്ന കേൾക്കാൻ അറപ്പ് ഉളവാക്കുന്ന ചോദ്യങ്ങൾ ചോദിച്ചു വർഗീയത ചൊരിഞ്ഞത്. ഖത്തർ പ്രവാസിയാണെന്ന് കരുതുന്ന യുവാവ് ഉന്നയിച്ച വിദ്വേഷ ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഹിന്ദു മഹാസമ്മേളനത്തിനായി ഗള്‍ഫില്‍നിന്ന് എത്തിയ ദുര്‍ഗാ ദാസ് എന്നയാളാണ് ഗൾഫിലേക്ക് വരുന്ന നഴ്‌സുമാര്‍ ലൈംഗിക സേവക്ക് എന്ന രീതിയിൽ സംസാരിക്കുന്നത്. ചോദ്യോത്തര വേളയിലാണ് സ്വയം പരിചയപ്പെടുത്തി ഇദ്ദേഹം വിവാദ ചോദ്യം ഉന്നയിക്കുന്നത്. ഗള്‍ഫിലേക്ക് നടക്കുന്ന നഴ്‌സ് റിക്രൂട്ട്‌മെന്റിനെ കുറിച്ച് ചോദിക്കുന്ന വേളയിലാണ് മലയാളി നഴ്‌സുമാരെ മുഴുവൻ നാണിപ്പിക്കും വിധമുള്ള സംശയങ്ങൾ ഉന്നയിച്ചത്.
ഗൾഫിലേക്ക് തീവ്രവാദികളുടെ ലൈംഗിക സേവക്കു വേണ്ടിയാണ് നഴ്‌സുമാരെ കൊണ്ടുപോകുന്നതെന്നും ഗള്‍ഫ് നഗരത്തിലാണ് ഇന്ത്യയേക്കാളും ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നുമാണ് ദുര്‍ഗാ ദാസ് പറയുന്നത്. മതപരിവർത്തനം കൂടുതൽ നടക്കുന്ന രാജ്യമാണ് ഗൾഫ് നാടുകൾ എന്നും നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു. ഇത് തടയുന്നതിന് എന്തു നടപടികളാണ് നാട്ടില്‍നിന്ന് കൈക്കൊള്ളുന്നതെന്നാണ് വേദിയിലുള്ളവരോട് അന്വേഷിക്കുന്നത്.
സംഭവം സോഷ്യൽ മീഡിയകളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ കടുത്ത പ്രതിഷേധമാണ് ഇദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ ഉയരുന്നത്.
വീഡിയോ👇