പ്രവാസി കുടുംബത്തിന് ജിദ്ദ കെഎംസിസി നിർമ്മിച്ച ക്വാർട്ടേഴ്‌സ് കൈമാറ്റം നാളെ

ജിദ്ദ: ജിദ്ദയിൽ 600 റിയാൽ ശമ്പളത്തിന് ജോലി ചെയ്ത് വരുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണു മരണപ്പെട്ട ചേളാരി ദേവദിയാൽ സ്വദേശി ഹംസയുടെ കുടുംബത്തിന് ജിദ്ദ കെഎംസിസി നിർമ്മിച്ചു നൽകുന്ന ക്വാർട്ടേഴ്‌സിന്റെ താക്കോൽദാനം ബുധനാഴ്ച നടക്കും. രണ്ടാം പെരുന്നാൾ ദിനമായ നാളെ വൈകുന്നേരം 3 മണിക്ക് ചേളാരിയിലെ ശിഹാബ് തങ്ങൾ സൗധത്തിൽ ( മുസ്‌ലിം ലീഗ് ഓഫീസ് ) വെച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പരേതനായ ഹംസയുടെ കുടുംബത്തിന് ക്വാർട്ടേഴ്‌സ് കൈമാറും.

പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാക്കളായ പി. കെ കുഞ്ഞാലിക്കുട്ടി എം എൽ എ, പി. എം. എ സലാം, അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി, എം. എ ഖാദർ, ഡോ. വി. പി അബ്ദുൽ ഹമീദ് മാസ്റ്റർ, എ. പി ഇബ്‌റാഹീം മുഹമ്മദ്‌ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

നാട്ടിലുള്ള മുഴുവൻ കെഎംസിസി പ്രവർത്തകരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ആഭ്യർത്ഥിച്ചു.