സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ലോക മുസ്‍ലിങ്ങൾക്ക്‌ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ആക്ടിങ് മീഡിയ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം അറിയിച്ചത്.

വിശുദ്ധ റമദാനില്‍ ഉംറ തീര്‍ഥാടകരും വിശ്വാസികളും സന്ദര്‍ശകരും ഇരു ഹറമുകളിലും ഒഴുകിയെത്തിയത് സന്തോഷം പകര്‍ന്ന ഒന്നാണ്. മഹാമാരി വ്യാപനം നേരിടാനും പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ഏറ്റവും ഉയര്‍ന്ന ഉത്തരവാദിത്തത്തോടെ സൗദി അറേബ്യ പ്രവര്‍ത്തിച്ചു.

സ്വദേശികളും വിദേശികളും കാണിച്ച ഉയര്‍ന്ന അവബോധവും മഹാമാരിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളോടുള്ള വേഗത്തിലുള്ള പ്രതികരണവും വലിയ പ്രതിബദ്ധതയും മുഴുവന്‍ മേഖലകളിലെയും ജീവനക്കാരുടെ സ്തുത്യര്‍ഹമായ കൃത്യനിര്‍വഹണവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. സൈനിക, സിവില്‍ മേഖലകളില്‍ ആത്മാര്‍ഥമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നതായും രാജാവ് പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.