പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സന്ദർശനത്തിനിടെയാണ് സംഭവം
മദീന: മദീനയിലെ പ്രവാചക പള്ളിയുടെ മുറ്റത്ത് വെച്ച് പാക് സ്ത്രീയെയും കൂട്ടാളികളെയും അപമാനിക്കുകയും അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്ത ചെയ്തതിന് അഞ്ച് പാകിസ്ഥാനികളെ മദീന പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മദീന പോലീസ് വക്താവ് പറഞ്ഞു.
അവരുടെ പ്രവർത്തനങ്ങൾ സ്ഥലത്തിന്റെ പവിത്രതയ്ക്ക് വിരുദ്ധമാണെന്നും സന്ദർശകരുടെയും വിശ്വാസികളുടെയും സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സഊദി അറേബ്യയിലേക്കുള്ള തന്റെ പ്രഥമ വിദേശ സന്ദർശനത്തിന് ശേഷം, മദീന സന്ദർശിക്കുന്നതിനിടെയാണ് സംഭവം. ഷഹബാസ് ശരീഫ് വ്യാഴാഴ്ച പ്രവാചകന്റെ മസ്ജിദ് സന്ദർശിക്കുന്നതിനിടെ ഒരു സംഘം ആളുകൾ പാകിസ്ഥാൻ സംഘത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ശഹബാസിനെതിരെ പാകിസ്ഥാൻ പൗരന്മാർ നടത്തിയ അധിക്ഷേപ വാക്കുകൾ ഉൾകൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
പാകിസ്ഥാൻ ഫെഡറൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി മറിയം ഔറംഗസീബും നാഷണൽ അസംബ്ലി അംഗം ഷഹ്‌സൈൻ ബുഗ്തിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പ്രവാചകന്റെ പള്ളിയിൽ പ്രവേശിക്കുന്നത് വീഡിയോയിൽ കാണാം.




