മക്ക: ഒരുപക്ഷേ കൊറോണ മഹാമാരിയുടെ കാലത്തെ ശൂന്യമായ മക്കയുടെ ചിത്രം ഇസ്‌ലാമിക ലോകത്തിലും പ്രത്യേകിച്ചും സഊദിയിലും ഈ വൈറസിന്റെ സ്വാധീനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരിക്കാം. ഹിജ്‌റ 1441 ലെ റമദാൻ വിശ്വാസിയുടെ ഉള്ള് പിടക്കുന്ന കാഴ്ചകൾ ആയിരുന്നു സമ്മാനിച്ചിരുന്നത്. അത്ര ശോകമൂകമായിരുന്നു മക്കയും പരിസരവും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ രാജ്യത്തിന്റെ മികച്ച ക്രമീകരണവും നിശ്ചയ ദാർഢ്യവും വിശുദ്ധ മക്കയെ പ്രതിസന്ധിയുടെ കണികകളിൽ നിന്ന് ക്രമേണ ഉയർന്നെഴുന്നേൽക്കാൻ സഹായിച്ചു. അതിനാൽ ഉംറയും വിശുദ്ധ ഹറം മസ്ജിദിലെ പ്രാർത്ഥനയും തൊട്ടടുത്ത അടുത്ത വർഷം അഥവാ 1442 ലെ റമദാനിൽ പരിമിതമായ തോതിൽ പുനഃസ്ഥാപിക്കാനായി. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കണിശതയിൽ പരിമിതമായ എണ്ണത്തിൽ മടങ്ങിയെത്തി.
തുടർന്ന്, വീണ്ടും തൊട്ടടുത്ത വർഷം കൂടുതൽ സന്തോഷം നൽകുന്ന കാഴ്ചകളാണ് ഹറമിൽ നിന്ന് കാണാനായത്. നിലവിലെ റമദാൻ മാസം എല്ലാവരുമായും ഇപ്പോൾ ഹറമുകൾ സജീവമാണ്. പഴയ പ്രതാപത്തിലേക്ക് ഉയരുകയാണ്. മത്വാഫും ഹറം പള്ളികളും നിറഞ്ഞു കവിഞ്ഞു. കൊവിഡ് മഹാമാരിയെന്നത് തീരെ ഓർക്കാൻ പോലും സാധ്യമാകാത്ത നിലയിലായി കാര്യങ്ങൾ.
ലോകനാഥനോട് പ്രാർത്ഥിക്കുന്ന തീർത്ഥാടകരുടെ ശബ്ദം വിശുദ്ധ കഅബയുടെ വശങ്ങളിലും ഉയരങ്ങളിലും അലയടിക്കാൻ തുടങ്ങി. എല്ലാ മുൻകരുതലുകളും എടുത്തുകളഞ്ഞ് ഹറം പരിസരം അതിന്റെ പൂർണ്ണ ശേഷിയോടെ തീർഥാടകരെ സ്വീകരിച്ചതിന് ശേഷം അവർ തങ്ങളുടെ കർമ്മങ്ങൾ അനായാസമായും നിർവഹിക്കുന്ന കാഴ്ചകൾ അതി മനോഹരമാണ്.
ഈ മൂന്ന് വർഷങ്ങളിലെ ഹറം പള്ളിയുടെ മൂന്ന് അവസ്ഥകൾ വ്യക്തമാക്കുന്ന വീഡിയോ മക്ക ഗവർണറേറ്റ് പുറത്തിറക്കി. ഹിജ്‌റ 1441,1442,1443 വർഷങ്ങളിലെ മൂന്ന് വ്യത്യസ്ത കാഴ്ചകൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
വീഡിയോ കാണാം👇