ദുബൈയിലെ സ്ഥാപനത്തിലേക്ക് ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് പരസ്യം; വിശദീകരണവുമായി കമ്പനി

0
9708

ദുബൈ: ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് കാണിച്ച് ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ പേരിലിറങ്ങിയ അറിയിപ്പ് നിഷേധിച്ച് അധികൃതർ. ജി.ബി.എം.ടി സ്റ്റീൽ സർവീസ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് ഇതരത്തിലൊരു അറിയിപ്പ് പ്രചരിപ്പിച്ചത്. സ്ഥാപനത്തിൽ സേഫ്ടി ഓഫിസർമാരുടെ അഞ്ച് ഒഴിവുണ്ടെന്നും ഹിന്ദു ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതിയെന്നുമായിരുന്നു അറിയിപ്പ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു.എ.ഇ രാജകുടുംബാംഗം ശൈഖ ഹിന്ദിന് അടക്കം പലരും ഈ അറിയിപ്പിന്‍റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതോടെയാണ് ഇത് കൂടുതൽ ചർച്ചയായത്. യു.എ.ഇ ഭരണാധികാരികളുടെ ശ്രദ്ധയിൽകൊണ്ടുവരണമെന്ന് കാണിച്ച് രാഷ്ട്രനേതാക്കൾക്കും പലരും ട്വീറ്റ് ഷെയർ ചെയ്തിരുന്നു.

3000 ദിർഹം മുതൽ 5000 ദിർഹം വരെയായിരുന്നു ശമ്പള വാഗ്ദാനം. സി.വി അയക്കാനുള്ള ഇ-മെയിലും ഫോൺ നമ്പറുമെല്ലാം ഇതിനൊപ്പം നൽകിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കമ്പനി അധികൃതർ രംഗത്ത് വന്നത്.

സ്ഥാപനം ഇങ്ങനെയൊരു അറിയിപ്പ് നൽകിയിട്ടില്ലെന്നും വ്യാജമാണെന്നും ദുബൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ആരാണ് ഈ പരസ്യത്തിന് പിന്നിൽ എന്നറിയില്ലെന്നും സ്ഥാപനത്തെ അപകീർത്തിപെടുത്താനും അതുവഴി പണം തട്ടാനുമുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായുമാണ് കമ്പനിയുടെ പ്രതികരണം.