ഈ വർഷത്തെ ഹജ്ജിന് എട്ടര ലക്ഷം വിദേശ ഹാജിമാർ

0
2505

മക്ക: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരിൽ വിദേശ, സ്വദേശി ഹാജിമാരുടെ ക്വാട്ട നിശ്ചയയിച്ചതായി റിപ്പോർട്ട്. ഉറവിടങ്ങളെ ഉദ്ധരിച്ച് അൽ അറബിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശ തീർത്ഥാടകർക്കാണ് മുൻഗണന. എൻപത്തഞ്ച് ശതമാനം തീർത്ഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നായിരിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി. പത്ത് ലക്ഷം തീർത്ഥാടകരിൽ പതിനഞ്ച് ശതമാനം സഊദിക്കകത്ത് നിന്നുള്ള ആഭ്യന്തര തീർത്ഥാടകരും ആയിരിക്കും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ രണ്ട് വർഷം വിദേശങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് അവസരം ഇല്ലാത്തതിനാൽ, ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള മുസ്‌ലിംകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വർഷത്തിന് ശേഷം ഹജ്ജ് തീർഥാടനത്തിൽ ആഭ്യന്തര ഹാജിമാരെ പരിമിതപ്പെടുത്തിയത്. ആഭ്യന്തര തീർഥാടകർക്ക് അനുവദിച്ച എണ്ണം 150,000 കവിയില്ലെന്ന് അൽ അറേബ്യ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതേസമയം രാജ്യത്തിന് പുറത്ത് നിന്നുള്ള തീർഥാടകരുടെ എണ്ണം 850,000 ആയി ഉയരും.

അതേസമയം, ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട ഉടൻ പ്രഖ്യാപിക്കും. ഇന്ത്യ ഉൾപ്പെടെ ഓരോ രാജ്യങ്ങളിൽ നിന്നും അനുവദിക്കുന്ന ഹാജിമാരുടെ എണ്ണം സംബന്ധിച്ച് നടപടികൾ പൂർത്തിയായി വരികയാണ്.ഈ വർഷത്തെ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 57 ഇസ്‌ലാമിക രാജ്യങ്ങളടക്കം 192 രാജ്യങ്ങളുടെ ആരോഗ്യ സ്ഥിതിവിവരങ്ങൾ സഊദി അറേബ്യ വിശദമായി വിലയിരുത്തിവരികയാണ്. സഊദിയിൽ കൊവിഡ് സ്ഥിതി ശാന്തമാണെങ്കിലും ലോകാടിസ്ഥാനത്തിൽ മഹാമാരി പൂർണമായി വിട്ടകന്നിട്ടില്ല. അതിനാൽ ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം ആയിരിക്കും പ്രഖ്യാപിക്കുക. ഓരോ രാജ്യങ്ങളുടെയും ഭൂമിശാസ്ത്ര രീതികൾ, രോഗാവസ്ഥകൾ, പകർച്ച വ്യാധികൾ, പ്രതിരോധ നടപടികൾ എന്നിവയെല്ലാം മികച്ച സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിശദമായി പഠിച്ചുവരികയാണെന്ന് സഊദി പൊതുജനാരോഗ്യവിഭാഗം സി.ഇ.ഒ ഡോ: അബ്ദുല്ല അൽഖുവൈസാനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

വിദേശ ഹാജിമാർക്ക് കൂടുതൽ സഹായകരമായി ഹജ്ജ് വിമാനങ്ങളിൽ യാത്രക്കാരുടെ അതെ രാജ്യക്കാരെ എയർ ഹോസ്റ്റസുമാരായി നിയമിക്കാൻ ഒരുക്കങ്ങളും നടക്കുന്നുണ്ട്. പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന എയർ ഹോസ്റ്റസുമാരെ നിയമിക്കുന്നതോടൊപ്പം ഹാജിമാരുടെ അഭിരുചിക്കനുസരിച്ച ഭക്ഷണവും നൽകാനുള്ള ഒരുക്കമാണ് നടക്കുന്നത്. സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ് നാവിഗേഷണൽ സൂപ്പർവൈസർ മുഹമ്മദ് അബ്ദുൾ വാഹദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് മഹാമാരി മൂലം രണ്ട് വർഷമായി വിദേശ ഹാജിമാർക്ക് അനുമതി നൽകിയിരുന്നില്ല. കൊവിഡിന്റെ ആദ്യ വർഷം വെറും ആയിരം പേർക്കും രണ്ടാം വർഷം അമ്പതിനായിരം പേർക്കും മാത്രമാണ് അനുമതി നൽകിയിരുന്നത്. കൊവിഡ് കാലത്തിനു മുമ്പ് മുപ്പത് ലക്ഷം ഹാജിമാർ ആയിരുന്നു ഹജ്ജിൽ പങ്കെടുത്തിരുന്നത്.

ഈ വർഷം രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള ഒരു ദശലക്ഷം തീർത്ഥാടകർ ഹജ്ജിൽ പങ്കെടുക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 65 വയസിൽ താഴെയുള്ളവർക്കാണ് ഹജ്ജിന് അവസരം നൽകുകയെന്നും വിദേശങ്ങളിൽ നിന്ന് വരുന്നവർ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിനുകളുടെ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കുകയും വേണമെന്നും നിബന്ധയുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് ഹജ്ജിന് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗററ്റീവ് ഫലം കയ്യിൽ കരുതുകയും വേണം.