സഊദിയിൽ വീണ്ടും ബാങ്ക് തട്ടിപ്പ്; മലയാളിക്ക് വൻ തുക നഷ്ടമായി

0
4288

മദീന: ബോധവത്കരണവും മുന്നറിയിപ്പുകളും വ്യാപകമാകുമ്പോഴും തട്ടിപ്പ് സംഘത്തിന്റെ വലയിൽ പെട്ട് പണം നഷ്ടമാകുന്ന സംഭവം പതിവാകുന്നു. ഫോൺകോളുകൾ വഴി വിവരങ്ങൾ കൈമാറരുതെന്നും അജ്ഞാത കോളുകൾക്ക് പ്രതികരിക്കരുതെന്നുമുള്ള മുന്നറിയിപ്പ് തലങ്ങും വിലങ്ങും അധികൃതർ നൽകുന്നതിടെയാണ് കഴിഞ്ഞ ദിവസം സഊദിയിൽ കോട്ടയം സ്വദേശിയുടെ അകൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദീനയിലെ യാംബുവിലുള്ള ഇദ്ദേഹത്തിന്റെ അകൗണ്ടിൽ നിന്നും 7,810 റിയാൽ (ഏകദേശം 1.6 ലക്ഷം) ആണ് തട്ടിപ്പുകാർ അടിച്ചു മാറ്റിയത്. ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തിയ ഫോൺ ബാങ്കിംഗ് തട്ടിപ്പിൽ പെട്ട ഇദ്ദേഹത്തിന് അകൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായതായി ബോധ്യമായത്. എ.ടി.എം കാർഡിന്റെ വിവരങ്ങളും ഫോണിലേക്ക് വന്ന ഒ.ടി.പി അടക്കം തട്ടിപ്പ് സംഘത്തിനു കൈമാറിയിരുന്നു. നിമിഷങ്ങൾക്കകം അക്കൗണ്ട് കാലിയായ സന്ദേശം ലഭിച്ചത്.

ബാങ്കിങ് അപ്‌ഡേറ്റിങിനായി അക്കൗണ്ട് നമ്പറും എ.ടി.എം പിൻനമ്പറും വേണമെന്നാവശ്യപ്പെട്ടാണ് ഫോൺ കോളുകൾ വരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഫോൺ വിളിക്കുന്നത്. ബാങ്കിങ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അകൗണ്ട് ഉൾപ്പെടെ ബാങ്കിങ് സേവനങ്ങൾ മരവിപ്പിക്കുമെന്നും പുതിയ നിയമമാണിതെന്നുമാണ് ഫോൺ ചെയ്യുന്ന തട്ടിപ്പുകാർ രംഗത്തെത്തുന്നത്. സമാനമായ നിരവധി തട്ടിപ്പുകളാണ് ദിനം പ്രതി അരങ്ങേറുന്നത്. നിരവധി മലയാളികളും ഇത്തരത്തിൽ തട്ടിപ്പിന് വിധേയരാകുകയും പണം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.

അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളെല്ലാം ഇവർ അനായാസം സംസാരിക്കുന്ന വൻ സംഘമാണ് ഇതിനു പിന്നിൽ. ലോക്കൽ മൊബൈൽ നമ്പറിൽ നിന്നുള്ള കോളുകൾക്ക് പുറമെ മൊബൈൽ കാളിങ് ആപ്പുകൾ വഴിയും ചിലർക്ക് ഇത്തരത്തിലുളള തട്ടിപ്പ് കോളുകൾ എത്തുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ കുടുങ്ങരുതെന്നും മൊബൈൽ വഴി ബാങ്ക് ജീവനക്കാർ ഇങ്ങോട്ട് വിളിച്ച് വിവരങ്ങൾ ചോദിക്കുകയില്ലെന്നും അധികൃതർ പല തവണ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണഗതിയിൽ ഇഖാമ പുതുക്കിയാൽ നേരിട്ട് ബാങ്കിൽ എത്തിയോ ഓൺലൈൻ വഴിയോ ആണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാറുള്ളത്. ഇതേ സേവനത്തിനാണ് ബാങ്കുകളിൽ നിന്ന് നേരിട്ട് വിളിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ പറ്റിക്കുന്നത് വ്യപകമാകുന്നത്. ഒരാളുടെ അക്കൗണ്ട് നമ്പറും എ.ടി.എം പിൻ നമ്പറും ലഭിച്ചാൽ പണം പിൻവലിക്കാൻ ഈ തട്ടിപ്പു സംഘത്തിന് കഴിയും.

മൊബൈൽ ഫോൺ കോളുകൾ വഴി ബാങ്ക് വിവരങ്ങൾ അടക്കം ഒരു വിവരങ്ങളും കൈമാറാൻ പാടില്ലെന്ന പ്രാഥമിക വിവരം ഓരോരുത്തരും മനസിലാക്കിയാൽ ഇത്തരം തട്ടിപ്പിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ സാധിക്കും. ഇത്തരം ഫോൺ കോളുകൾക്ക് മറുപടി കൊടുക്കാതെ, അപ്ഡേറ്റ് ചെയ്യുവാനോ മറ്റു വല്ല ഇടപാടുകൾക്കോ ആണെങ്കിൽ നേരിട്ട് ബാങ്കിൽ പോകുകയും കാര്യങ്ങൾ പൂർത്തീകരിക്കുകയുമാണ് വേണ്ടത്.