ദുബൈ: ഇന്ധനവില വർധന പ്രവാസികൾക്കും കനത്ത തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. ഇന്ധന വില കുത്തനെ ഉയരുന്നത് വിമാന ടിക്കറ്റ് നിരക്ക് ഉയരാനിടയാക്കുമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ധനവില വർധന വിമാന കമ്പനികളുടെ നടത്തിപ്പ് ചെലവ് വർധിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അധിക ചിലവ് താങ്ങാൻ കഴിയാതെ ടിക്കറ്റ് നിരക്ക് ഉയർത്തുകയല്ലാതെ വഴിയില്ലെന്നാണ് വിമാന കമ്പനികളുടെ നിലപാട്. വ്യോമയാന മേഖലയെതന്നെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇന്ധനവിലയിലുണ്ടായ കുതിച്ചുകയറ്റം.
കൊവിഡ് മഹാമാരി ആഗോള തലത്തിൽ വ്യോമയാന മേഖലയിൽ സൃഷ്‌ടിച്ച പ്രതിസന്ധികൾ ഓരോന്നായി പതിയെപ്പതിയെ ഒഴിവായി വരികയായിരുന്നു. യാത്രാനിയന്ത്രണങ്ങൾ നീക്കി പതിയെ ഉണർവ് പ്രകടിപ്പിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധിയായി ഇന്ധനവില ക്രമാതീതമായി ഉയർന്നത്.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കനത്ത നഷ്ടം നേരിട്ട വിമാന കമ്പനികൾ പച്ച പിടിച്ചു വരികയായിരുന്നു. ധാരാളം കമ്പനികൾ ഇപ്പോൾ ലാഭത്തിലെത്തിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. ആളുകൾ ഭയമില്ലാതെ പഴയപോലെ സജീവമായി യാത്ര ചെയ്യുന്ന നില കൈവരിക്കേണ്ടതുണ്ടെന്നും അസോസിയേഷൻ ഭാരവാഹി വില്ലി വാൽഷ് പറഞ്ഞു.
സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത്. കഴിഞ്ഞ വർഷം ടിക്കറ്റ് നിരക്ക് ചരിത്രത്തിലെ ഉയർന്ന നിലയിലായിരുന്നു. ഗൾഫ് പ്രവാസികളുടെ നട്ടെല്ല് തകർക്കുന്ന നിലയിലായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോൾ അൽപം കുറഞ്ഞിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഇത് ഉയരുമെന്നാണ് കരുതുന്നത്.