അബുദാബി: കിൻഡർ സർപ്രൈസ് ചോക്ലറ്റ് യു.എ.ഇയിലെ മാർക്കറ്റിൽ നിന്നും പിൻവലിച്ചു. സഊദി അറേബ്യ കഴിഞ്ഞ ദിവസം ഇത് പിൻവലിച്ചതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു എ ഇ യും ഇത് പിൻവലിച്ചത്. യു എ ഇ പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിൻഡർ ചോക്ലറ്റ് ഉൽപന്നങ്ങൾ വഴി യൂറോപ്പിൽ സാൽമൊണെല്ല ബാക്ടീരിയ പടരുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
‘L004L03 എന്ന ബാച്ച് നമ്പറുള്ള കിൻഡർ സർപ്രൈസ് മാക്‌സി ചോക്ലേറ്റിലാണ് ബാക്റ്റീരിയ സാധ്യതയെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. ബെൽജിയത്തിൽ നിന്നെത്തിയ കിൻഡർ സർപ്രൈസ് യൂവോ മാക്സി ചോക്ലറ്റിന്‍റെ രണ്ട് ബാച്ചുകളാണ് യു.എ.ഇ വിപണിയിൽനിന്ന് ഉടൻ പിൻവലിക്കാൻ പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകിയത്.
ഇവ നശിപ്പിക്കുകയോ കൊണ്ടുവന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം മുഴുവൻ എമിറേറ്റുകളിലെയും നഗരസഭകൾക്കും മറ്റ് അനുബന്ധ വകുപ്പുകൾക്കും നിർദേശം നൽകി. ബെൽജിയത്തിലെ എട്ട് ഫാക്ടറികളിൽ നിർമിക്കുന്ന കിൻഡർ സർപ്രൈസ് യുവോ മാക്സി ചോക്ലറ്റിന്‍റെ രണ്ട് ബാച്ചുകളിലാണ് പ്രശ്നം കണ്ടെത്തിയത്.
കിൻഡർ നിർമാതാക്കളായ ഫെറേറോയുടെ മറ്റ് ഉൽപന്നങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ മന്ത്രാലയം നിർദേശിച്ചു. കമ്പനിയുടെ ഫാക്ടറികളിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കിൻഡർ സർപ്രൈസ് ചോക്ലേറ്റിൽ സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യത്തെ തുടർന്ന് കുട്ടികളും ഭക്ഷ്യവിഷബാധയേറ്റതായി ബ്രിട്ടീഷ് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) അറിയിച്ചിരുന്നു.
തിങ്കളാഴ്ച ബ്രിട്ടനിലും അയർലൻഡിലും സമാനമായ നീക്കങ്ങൾ നടന്നിരുന്നു. ഇതേത്തുടർന്ന് വിവിധ രാജ്യങ്ങളിൽ ഉൽപന്നം പിൻവലിച്ചിരുന്നു. വാർത്ത പുറത്തുവന്നതോടെ കിൻഡർ സർപ്രൈസിന്‍റെ ബാച്ച് പിൻവലിക്കുന്നതായി കമ്പനിയും അറിയിച്ചു.




