റിയാദ്: സഊദിയിൽ ആരോഗ്യ, മെഡിക്കൽ മേഖലയിൽ സ്വദേശിവത്കരണം അടുത്തയാഴ്ച മുതൽ നടപ്പിലായിതുടങ്ങും. തിരഞ്ഞെടുക്കപ്പെട്ട ഏതാനും മേഖലയിൽ നിശ്ചിത അനുപാതം സഊദി വത്കരണം ഈ മാസം 11 ന് നിലവിൽവരും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ആരോഗ്യ, മെഡിക്കൽ ഉപകരണ മേഖലയിൽ സഊദിവത്കരണം നടപ്പാക്കാനുള്ള തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലബോറട്ടറികൾ, എക്‌സ്‌റേ, ഫിസിയോ തെറാപ്പി, ചികിത്സാ പോഷകാഹാരം എന്നീ തൊഴിലുകളിൽ 60 ശതമാനം സഊദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. ഈ തൊഴിലുകളിൽ സ്വദേശി സ്‌പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7000 റിയാലും ടെക്‌നിഷ്യന്മാരുടെ വേതനം 5000 റിയാലുമായും നിശ്ചയിച്ചിട്ടുണ്ട്.
മെഡിക്കൽ ഉപകരണ മേഖലയിൽ സെയിൽസ്, പരസ്യം, ഉപകരണങ്ങൾ പരിചയപ്പെടുത്തൽ എന്നീ തൊഴിലുകളിൽ ആദ്യ ഘട്ടത്തിൽ 40 ശതമാനവും രണ്ടാം ഘട്ടത്തിൽ 80 ശതമാനവുമാണ് സ്വദേശികളെ നിയമിക്കേണ്ടത്. മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എൻജിനീയറിംഗ്, ടെക്‌നിക്കൽ തൊഴിലുകളിൽ ആദ്യ ഘട്ടത്തിൽ 30 ശതമാനവും രണ്ടാം ഘട്ടത്തിൽ 50 ശതമാനവും നടപ്പിലാക്കും.
ഈ മേഖലയിൽ സഊദി എൻജിനീയർമാരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും ബാച്ചിലർ ബിരുദ ധാരികളുടെയും മിനിമം വേതനം 7000 റിയാലും ഡിപ്ലോമ ബിരുദധാരികളുടെ മിനിമം വേതനം 5000 റിയാലും ആയും നിശ്ചയയിച്ചിട്ടുണ്ട്.




