ന്യൂഡൽഹി: യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവർ യാത്രക്ക് മുൻപ് എടുക്കേണ്ടിയിരുന്ന പി.സി.ആർ പരിശോധന കേന്ദ്രസർക്കാർ ഒഴിവാക്കി. വാക്സിനെടുത്തവർക്കാണ് ഇളവ്. നേരത്തെ ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമായിരുന്നു ഇളവെങ്കിൽ പുതിയ നിർദേശ പ്രകാരം യു.എ.ഇയിൽ നിന്ന് വാക്സിനെടുത്തവർക്കും ഇനി മുതൽ പി.സി.ആർ ആവശ്യമില്ല.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പി.സി.ആർ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം യു.എ.ഇയെയും ഉൾപെടുത്തിയതതോടെയാണ് പ്രവാസലോകം ഏറെ കാത്തിരുന്ന ഇളവ് ലഭിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കും പ്രതിഷധങ്ങൾക്കുമൊടുവിലാണ് കേന്ദ്രസർക്കാരിന്‍റെ തീരുമാനം.
ഇതോടെ കുവൈത്ത് ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പി.സി.ആർ പരിശോധന ഒഴിവായി. പുതിയ പട്ടികയിലും കുവൈത്ത് ഇല്ല. നിർദേശം ഇന്ന് മുതൽ തന്നെ പ്രാബല്യത്തിൽ വന്നു. യു.എ.ഇ ഉൾപ്പെടെ 99 രാജ്യങ്ങളാണ് ഇപ്പോൾ പിസിആർ പരിശോധന ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
അതേസമയം, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എയർസുവിധയിൽ അപ്ലോഡ് ചെയ്യണമെന്ന നിർദേശം പാലിക്കണം. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലമാണ് എയർ സുവിധയിൽ അപ്ലോഡ് ചെയ്യേണ്ടത്. അഞ്ച് വയസിൽ താഴെയുള്ളവർക്ക് ഇളവുണ്ട്.





