മാറാക്കര ഗ്ലോബൽ കെഎംസിസി ‘അഹ്‌ലൻ റമദാൻ’ സംഘടിപ്പിച്ചു

ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ഉപ ഘടകമായ റിലീജിയസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘അഹ്‌ലൻ റമദാൻ’ ഓൺലൈൻ സംഗമം വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയമായി. പുണ്യ മാസമായ വിശുദ്ധ റമദാനിനെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പരിപാടിയായിരുന്നു അഹ്‌ലൻ റമദാൻ. ഓൺലൈൻ വഴി നടന്ന പരിപാടിയിൽ
റിലീജിയസ് വിംഗ് ചെയർമാൻ ഷൗക്കത്ത് അലി കരേക്കാട് അധ്യക്ഷത വഹിച്ചു. മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ബഷീർ കുഞ്ഞു കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.

നാട്ടിൽ വീടുകളൊക്കെ റമദാനിനെ വരവേൽക്കാൻ ഒരുങ്ങുന്നത് പോലെ പ്രവാസികളും റമദാനിനെ വരവേൽക്കാൻ ശരീരികമായും മാനസികമായും ഒരുങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലോചിതമായ നിരവധി മാതൃക പ്രവർത്തനങ്ങളുമായി മാറാക്കര ഗ്ലോബൽ കെഎംസിസി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ യുവ പണ്ഡിതൻ ഡോ. റഫീഖ് അബ്ദുൽ ബർറ് വാഫി അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. എല്ലാ ആരാധന കർമ്മങ്ങളുടെയും ലക്ഷ്യം മനുഷ്യനെ സംസ്കാര സമ്പന്നനാക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നോമ്പ് എന്നാൽ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കുക എന്നത് മാത്രമല്ല, ശരീരത്തിലെ ഓരോ അവയവവും പരിശുദ്ധമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണെന്നും അദ്ദേഹം വിശദീകരിച്ചു. സൃഷ്ടാവിനോട് കൂടുതൽ അടുക്കാനും അവന്റെ തൃപ്തി കരസ്ഥമാക്കി ശാശ്വത സന്തോഷം ലഭിക്കുന്ന സ്വർഗം നേടാനും ഏറ്റവും നല്ല മാർഗ്ഗമാണു റമദാൻ എന്നും ആയതിനാൽ റമദാനിനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശ്വാസികളുടെ ആശ്വാസമാണ് പുണ്യ റമദാൻ എന്നും അതിനെ സന്തോഷത്തോടെ വരവേൽക്കണമെന്നും തുടർന്ന് സംസാരിച്ച
മാജിദുൽ ഫവാസ് ദൗഈ ദാരിമി പറഞ്ഞു.

മാറാക്കര ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ, ഭാരവാഹികളായ അലവിക്കുട്ടി മുസ്‌ലിയാർ പുളിക്കൽ, ബഷീർ നെയ്യത്തൂർ, പി. എം ഹുസൈൻ, മുഹമ്മദ്‌ കല്ലിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മുഹമ്മദലി ആയപ്പള്ളി, ഷാഫി ഖത്തർ എന്നിവർ പരിപാടി നിയന്തിച്ചു.

അബ്ദുൽ ബാസിത് കടമേരി ഖിറാഅത് നടത്തി. റിലീജിയസ് വിംഗ് കൺവീനർ അബ്ദുൽ മജീദ് ഹുദവി സ്വാഗതവും സിദ്ധീഖ് രണ്ടത്താണി നന്ദിയും പറഞ്ഞു.