കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് ലൈംഗീകമായി ഉപയോഗിച്ചു, സഊദിയിൽ രണ്ട് പേരെ വധശിക്ഷക്ക് വിധേയരാക്കി

0
2396

റിയാദ്: പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി നഗരപ്രദേശത്തിന് പുറത്തെത്തിച്ച് മർദ്ദിക്കുകയും മുറിവേൽപ്പിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗീകമായി ഉപയോഗിക്കുകയും ചെയ്‌ത രണ്ട് പൗരന്മാർക്കെതിരെ ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി. യാൻബു ഗവർണറേറ്റിലാണ് ഞായറാഴ്ച പ്രതികളായ രണ്ട് സഊദി പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതികളായ അബ്ദുൾ മജീദ് ബിൻ മർസൂഖ് ബിൻ മരിസിഖ് അൽ സുബ്ഹി, ഈദ് ബിൻ ബഖിത് ബിൻ മുഅവിദ് അൽ സുബ്ഹി എന്നിവരുടെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്. ഹീനമായ കുറ്റകൃത്യം ചെയ്തതിന് പിന്നാലെ സുരക്ഷാ അധികാരികൾക്ക് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നു.

അന്വേഷണത്തിൽ പ്രതികൾ കുറ്റം ചെയ്തതായി സമ്മതിക്കുകയും ഇവരെ കോടതിയിലേക്ക് കൈമാറുകയും ചെയ്തു. പ്രാഥമിക ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും ഇവർക്കെതിരെ വധശിക്ഷ വിധിക്കുകയായിരുന്നു.

ഈ വിധിയെ സുപ്രീം കോടതിയും അംഗീകരിക്കുകയും നിയമപരമായി തീരുമാനിച്ചത് നടപ്പിലാക്കാൻ രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ന് മദീന പ്രവിശ്യയിലെ യാമ്പു ഗവർണറേറ്റിൽ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവാനയിൽ അറിയിച്ചു.