പ്രവാസികൾക്ക് ആശ്വാസമായി കേരളത്തിൽ നിന്നും റെഗുലർ വിമാന സർവ്വീസുകൾ, ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

0
5646

കൊച്ചി: അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഈ മാസം 27 മുതൽ ഇന്ത്യ പുനഃരാരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവ്വീസുകൾ വീണ്ടും സജീവമാകുന്നു. സർവ്വീസുകൾ സാധാരണ നിലയിലേക്ക് മാറുന്നതോടെ ഗൾഫ് പ്രവാസികളുടെ യാത്രാ പ്രതിസന്ധിയും ഏകദേശം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സ് ഇതിനകം വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് റെഗുലർ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റു രാജ്യങ്ങളിലേക്കും വിമാന യാത്ര ഷെഡ്യൂൾ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർ ഇന്ത്യ എക്സ്പ്രസ്സ് കേരളത്തിൽ നിന്ന് സഊദിയിലേക്ക് മാർച്ച് 27 മുതൽ തന്നെ സർവീസുകൾ പുനരാരംഭിക്കും. കോഴിക്കോട് നിന്നും, ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കും കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും കണ്ണൂരിൽ നിന്ന് റിയാദിലേക്കുമാണ് സർവ്വീസുകൾ ഷെഡ്യുൾ ചെയ്തിരിക്കുന്നത്. കോഴിക്കോട് നിന്ന് ജിദ്ദ, റിയാദ് എന്നീ സെക്ടറുകളിൽ ഏകദേശം 29,000 രൂപ മുതലും, കോഴിക്കോട്-ദമ്മാം സെക്ടറിൽ 26,000 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

കോഴിക്കോട് – ജിദ്ദ സെക്ടറിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നിങ്ങിനെ ആഴ്ചയിൽ നാല് സർവീസുകളും, കൊച്ചി-ജിദ്ദ സെക്ടറിൽ വെള്ളിയാഴ്ചയുമായിരിക്കും സർവീസുകൾ. കോഴിക്കോട് – റിയാദ് സെക്ടറിൽ തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും കണ്ണൂർ റിയാദ് സെക്ടറിൽ വ്യാഴം ഞായർ ദിവസങ്ങളിലും കോഴിക്കോട്- ദമാം സെക്ടറിൽ ഞായർ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

7 കിലോ ഹാന്റ് ബാഗിന് പുറമെ വ്യത്യസ്ത നിരക്കുകളിൽ 20, 30 കിലോ വീതം ലഗേജുകളും തിരഞ്ഞെടുക്കാനാകും. കൂടാതെ, 100 റിയാലിന് 5 കിലോ എന്ന തോതിൽ കൂടുതൽ ബാഗേജുകളും കൊണ്ട് പോകാനാകും. കേരളത്തിൽ നിന്ന് സഊദിയിലേക്ക് ഹാന്റ് ബാഗിന് പുറമെ 20 കിലോ ബാഗേജാണ് അനുവദിക്കുക.

കോഴിക്കോട് നിന്നും ഷാർജയിലേക്കുള്ള എയർ ഇന്ത്യ സർവീസ് മാർച്ച് 28 മുതലും പുനഃരാരംഭിക്കും. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള ഈ സർവീസ് പ്രവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് വിമാനസർവീസുകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ ഇത് നിലക്കുകയായിരുന്നു.

എല്ലാദിവസവും രാത്രി ഒന്നിന് ഷാർജയിൽ നിന്നും പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 6:35നാണ് ഈ വിമാനം കോഴിക്കോട് എത്തിച്ചേരുക. കോഴിക്കോടുനിന്നും രാത്രി 10ന് പുറപ്പെട്ട് രാത്രി 12:05ന് ഷാർജയിൽ എത്തും. തുടക്കത്തിൽ ഷാർജയിൽനിന്നും കോഴിക്കോട്ടേക്ക് 430 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എക്കണോമി ക്ലാസിൽ 40 കിലോ ബാഗേജും ബിസിനസ് ക്ലാസിൽ 45 കിലോ ബാഗേജും കൊണ്ടുപോകാമെന്ന് പ്രത്യേകതയുമുണ്ട്.