ദമാം മാനസിക ആരോഗ്യ കേന്ദ്രത്തിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

0
3151

ദമാം: മലയാളി യുവാവ് ദമാം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ആത്മഹത്യ ചെയ്തു. ആലപ്പുഴ ജില്ലയിലെ പലമേൽ നൂറനാട്, മുതുക്കാട്ടുകര കാർത്തികയിൽ ശിവദാസൻ സുജ ദമ്പതികളുടെ മകൻ അഖിൽ ശിവദാസൻ (27) ആണ് ആത്മഹത്യ ചെയ്തത്. മാനസിക നില തെറ്റിയ അവസ്ഥയിൽ ദമാം അൽ അമൽ മാനസിക ആരോഗ്യ കേന്ദ്രമായ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് തൂങ്ങിമരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്നു മാസം മുമ്പ് കിഴക്കൻ സഊദിയിലെ ദമാമിന് സമീപമുള്ള ജുബൈലിൽ പുതിയ വിസയിൽ എത്തിയ അഖിൽ ജോലിക്കായി അന്വേഷണങ്ങൾ നടത്തിയെങ്കിലും ജോലി ലഭിക്കാതായതോടെ മാനസിക നില തെറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതേ തുടർന്ന് ദമാം പോർട്ടിനു സമീപമുള്ള ബന്ധുവിന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് അഖിലിനെ എത്തിച്ചുവെങ്കിലും അവസ്ഥ കൂടുതൽ സങ്കീർണ്ണമായതോടെ അൽ ഖോബാർ കിംഗ് ഫഹദ് സ്‌പെഷ്യലിറ്റി ആശുപത്രിയിലും ഇവിടെ നിന്ന് ദമാം അൽ അമൽ മാനസിക ആരോഗ്യ കേന്ദ്രമായ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. വിദഗ്ധ ചികിത്സ നൽകുന്നതിനിടെ വാർഡിൽ തന്നെ തൂങ്ങി മരിച്ചതായാണ് പോലീസ് അറിയിച്ചത്.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. അവിവാഹിതനായ അഖിലിന്റെ ഏക സഹോദരൻ അമൽ നാട്ടിലാണ്.