അൺനോൺ ഡെസ്റ്റിനേഷൻ സംഘത്തിന് സ്വീകരണം നൽകി

ജിദ്ദ: കേരള രജിസ്ട്രേഷനുള്ള മഹീന്ദ്രാ താർ ജീപ്പിൽ ലോകം ചുറ്റാനിറങ്ങിയ മുവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഫിസ്, ഹിജാസ് ഇഖ്ബാല്‍ എന്നിവര്‍ക്ക് ജിദ്ദ നാഷണൽ ഹോസ്പിറ്റലും എച്ച് & ഇ ചാനലും ചേർന്ന് സ്വീകരണം നൽകി. സ്വീകരണത്തില്‍ ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021 നവംബര്‍ 25- ന് മുവാറ്റുപ്പുഴയില്‍ ഡീന്‍ കുര്യക്കോസ് എം.പി യും നടന്‍ സിയാസ് കരീമും സംയുക്തമായി ഫ്‌ളാഗ് ഓഫ് ചെയ്ത് യാത്ര അയച്ച റൈഡേഴ്സിനെ പ്രവാസികൾ എല്ലായിടത്തും ഹൃദയപൂർവ്വം സ്വീകരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.

കൗതുകവും ആകാംഷയും നിറഞ്ഞ വിദേശ സഞ്ചാരം യു.എ.ഇ യിലെ ദുബായില്‍ നിന്നും ഇവർ ആരംഭിക്കുകയായിരുന്നു. ഡിസംബര്‍ 7 മുതല്‍ യുഎഇയിൽ തുടങ്ങിയ സഞ്ചാരത്തിനു ശേഷം കഴിഞ്ഞ മാസത്തെ ആദ്യ ആഴ്ച്ചയിലാണ് സഊദിയില്‍ പ്രവേശിച്ചത്. റിയാദും ദമാമും സന്ദർശിച്ച ശേഷം ബഹ്‌റൈനില്‍ സഞ്ചരിച്ച ശേഷം വീണ്ടും സഊദിയിലെത്തി.

മക്കയിലെത്തി ഉംറ നിർവ്വചിച്ച ശേഷം ജിദ്ദയില്‍ എത്തിയ റൈഡേഴ്‌സ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തെ സന്ദര്‍ശിച്ചു.

റമദാന് മുമ്പായി ഖത്തറും ഒമാനും സന്ദര്‍ശിച്ച ശേഷം റമദാനില്‍ മക്കയില്‍ തിരിച്ചെത്തി ചെറിയ പെരുന്നാളിന് ശേഷം ആഫ്രിക്കയിലേക്ക് പോകാനാണ് ഇവരുടെ പരിപാടി.

‘അണ്‍ നോണ്‍ ഡെസ്റ്റിനേഷന്‍’ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ അവതരിപ്പിക്കുന്ന മുഹമ്മദ് ഹാഫിസും ഹിജാസ് ഇഖ്ബാലും “മെയ്ഡ് ഇന്‍ ഇന്ത്യ വിത്ത് പ്രൈഡ്”എന്ന മുദ്രാവാക്യവുമായി മഹീന്ദ്ര താര്‍ ജീപ്പില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്.

ഗൾഫിലെ പ്രവാസി സുഹൃത്തുക്കളും സംഘടനകളും നല്‍കിവരുന്ന സ്വീകരണത്തിലും സഹായത്തിലും അതിയായ സന്തോഷമുണ്ടെന്നും മലയാളിയും പ്രവാസിയുമുള്ളിടത്തോളം ഒരു യാത്രയും പ്രയാസകരമാവില്ലെന്നും ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നൽകിയ സ്വീകരണത്തിൽ അവർ പറഞ്ഞു.

പരിപാടിയിൽ ജെ. എൻ. എച്ച് ചെയർമാൻ വി.പി മുഹമ്മദലി, വൈസ് പ്രസിഡണ്ട് മുഷ്താഖ് അലി, പി.ആർ ഒ ഹാരിസ് മമ്പാട്, കെ.ടി.എ മുനീർ, ഹെല്‍ത്ത് ആന്റ് എന്റര്‍ടെയിൻമെന്റ് ചാനൽ സി.ഇ. ഒ ഡോ. ഇന്ദു ചന്ദ്ര, ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ, കോർഡിനേറ്റർ റാഫി ബീമാപള്ളി, ചീഫ് എഡിറ്റർ നസീർ വാവാക്കുഞ്ഞ്, ടീമംഗങ്ങളായ മജീദ് നഹ, കബീർ കൊണ്ടോട്ടി, നാസർ കോഴിത്തൊടി, സലീന മുസാഫിർ എന്നിവർ പങ്കെടുത്തു.