ബംഗളുരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ശരിവച്ച് കർണാടക ഹൈക്കോടതി. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹിജാബ് ഇസ്‌ലാമിക മതാനുഷ്ഠാനമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. വിധി പ്രസ്താവത്തിനു മുന്നോടിയായി ഒരാഴ്ച നീളുന്ന നിരോധനാജ്ഞ ഏർപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഘപരിവാർ സംഘടനകളിൽ പെട്ട വിദ്യാർഥികളുടെ എതിർപ്പിനെ തുടർന്നായിരുന്നു കലാലയങ്ങളിൽ ഹിജാബ് വിലക്കുണ്ടായത്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ കോളജ് വികസന സമിതിക്കാണ് യൂനിഫോം നിർണയത്തിന് അവകാശമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഹിജാബ് വിലക്കിനെതിരേ ഉഡുപ്പിയിലെ കോളജ് വിദ്യാർഥികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് രണ്ടു ദിവസം വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് അംഗമായ ഡിവിഷൻ ബെഞ്ചിനു വിടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.30നാണ് കേസിൽ ഹൈകോടതി വിശാല ബെഞ്ച് അന്തിമ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന്‍റെ പകർപ്പ് വൈകാതെ പുറത്തിറക്കുമെന്നും ഹൈകോടതി അറിയിച്ചു. ഹൈകോടതിയുടെ ഉത്തരവ് വന്നതോടെ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രത്തിനേർപ്പെടുത്തിയ വിലക്ക് തുടരും. വിലക്കിനെതിരെ വിദ്യാർഥികൾ നൽകിയ ഹരജിയിൽ രണ്ടു ദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്‍റെ സിംഗിൾ ബെഞ്ചാണ് ഹരജി വിശാല ബെഞ്ചിലേക്ക് നിർദേശിച്ചത്.
11 ദിവസത്തെ വാദ പ്രതിവാദങ്ങൾക്കുശേഷം ഫെബ്രുവരി 25നാണ് അന്തിമ വിധി പറയുന്നതിനായി മാറ്റിവെച്ചത്. ഇസ്‌ലാം മതവിശ്വാസ പ്രകാരം ഒഴിവാക്കാൻ കഴിയാത്ത ആചാരമാണ് ശിരോവസ്ത്രം ധരിക്കുകയെന്നതെന്നും അത് അവരുടെ മൗലികാവകാശമാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ അധികാരമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ശിരോവസ്ത്രം ഇസ്‌ലാമിൽ അനിവാര്യമായ ആചാരമല്ലെന്ന കർണാടക സർക്കാരിന്‍റെ പ്രധാന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ശിരോവസ്ത്രം ഇസ്‌ലാം മതവിശ്വാസത്തിൽ നിർബന്ധമല്ലെന്നും യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശത്തിന്‍റെ ലംഘനമല്ലെന്നും കോടതി പറഞ്ഞു. ഹൈകോടതി വിധി എതിരായതോടെ ഹരജിക്കാർ ഇനി സുപ്രീംകോടതിയെ സമീപിച്ചേക്കും.
നേരത്തെ ഹരജി പരിഗണിക്കുന്നതിനിടെ അന്തിമ വിധി വരുന്നതുവരെ ശിരോവസ്ത്രം ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർഥികൾ ക്ലാസുകളിൽ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും ഫെബ്രുവരി പത്തിന് ഹൈകോടതി വിശാല ബെഞ്ച് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ ഇടക്കാല ഉത്തരവ് ചൂണ്ടികാണിച്ച് പരീക്ഷ എഴുതുന്നതിൽനിന്ന് ഉൾപ്പെടെ വിലക്കിയത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ജനുവരിയിലാണ് ശിരോവസ്ത്ര വിലക്ക് സംസ്ഥാന വ്യാപകമായ പ്രതിഷേധമായത്.




