റിയാദ്: ഇന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ കൂട്ട വധശിക്ഷയിൽ തക്‌ഫിരി സമീപനം സ്വീകരിച്ച് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ ഇരട്ട സഹോദരങ്ങളും. മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ഇരട്ടകളായ ഖാലിദിന്റെയും സാലിഹ് അൽ അരീനിയുടെയും വധശിക്ഷയാണ് ഇന്ന് 81 പേരിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത്. മറ്റുള്ളവരെ അവിശ്വാസികളാക്കുന്ന തക്ഫീരി ചിന്താധാരയിൽ പെട്ടവരായിരുന്നു ഇരുവരും.
2016 ലാണ് ക്രൂര സംഭവം അരങ്ങേറിയത്. മതപരമായ മൂല്യങ്ങളോ മാനുഷിക തത്വങ്ങളോ പാലിക്കാത്ത നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതിനാലാണ് വധശിക്ഷ നടപ്പിലാക്കിയത്. തീവ്രവാദ ചിന്തകൾ മനസ്സിൽ കയറിക്കൂടിയ ഇവർ കുടുംബവുമായി അടുപ്പം കാണിച്ചിരുന്നില്ല. സിറിയയിലെ സംഭവങ്ങളോടും “ഇസ്‌ലാമിക ഖിലാഫത്ത്” എന്നറിയപ്പെടുന്ന സംഭവങ്ങളോടും അവർ വലിയ ഉത്സാഹമാണ് കാണിച്ചിരുന്നതെന്ന് ബന്ധുക്കൾ ഇന്ന് വെളിപ്പെടുത്തി.
പഠനത്തിൽ ഏറെ മുന്നിലായിരുന്നിട്ടും ഹൈസ്കൂൾ ഒന്നാം വർഷം തന്നെ ഇവർ ഉപേക്ഷിച്ചിരുന്നു.പള്ളിയിൽ പോയുള്ള പ്രാർത്ഥന നിർത്തുകയും അയൽവാസികളുമായി ഒറ്റപ്പെട്ടുള്ള ജീവിതവുമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ഏഴ് ആൺമക്കളും രണ്ട് പെൺമക്കളും അടങ്ങുന്ന അവരുടെ കുടുംബത്തിലെ ഏറ്റവും ഇളയ അംഗങ്ങളായിരുന്നു അവർ. മാതാപിതാക്കളോടും ഒരു സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2016 ലെ റമദാൻ മാസത്തിലാണ് സഊദി സമൂഹത്തെ ഞെട്ടിച്ച കുറ്റകൃത്യം അരങ്ങേറിയത്. സിറിയയിലെ “ഐ എസ് ഐ എസ്” സംഘടനയിൽ ചേരാനുള്ള പദ്ധതി ഇവരുടെ മാതാവ് സുരക്ഷ സേനയെ അറിയിച്ചതാണ് മാതാവിനെ കൊലക്കത്തിക്കിരയാക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ഇതേ തക്ഫീരി ചിന്തയിൽ അവരുടെ പിതാവിനെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമവും നടത്തിയിരുന്നു ഇവർ.
സുരക്ഷാ അധികാരികൾക്ക് അവരുടെ പദ്ധതികളെക്കുറിച്ച് അറിയിച്ചതായി മാതാവ് സൂചന നൽകിയ ഉടൻ, ഇവരുടെ വീക്ഷണത്തിൽ അവിശ്വാസികളായ, കൊല്ലപ്പെടേണ്ട ഹിറ്റ് ലിസ്റ്റിൽ മാതാവിനെയും ഉൾപ്പെടുത്തി. പിന്നീട് മാതാവിനെ വീട്ടിൽ വെച്ച് തന്നെ ഇരുവരും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം യെമൻ അതിർത്തിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അൽ-ഖർജ് ഗവർണറേറ്റിൽ വെച്ചാണ് ഇരട്ടകളെ അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണം നടത്തി പ്രോസിക്യൂഷൻ ആന്റ് ഇൻവെസ്റ്റിഗേഷൻ കമ്മീഷനിലേക്കും പിന്നീട് തീവ്രവാദ കേസുകളിൽ സ്പെഷ്യലൈസ് ചെയ്ത ക്രിമിനൽ കോടതിയിലേക്കും റഫർ ചെയ്തു. തുടർന്ന് കോടതി വധശിക്ഷ വിധിക്കുകയും ഇന്ന് നടപ്പിലാക്കുകയുമായിരുന്നു.