ബജറ്റ്: പുതിയ പ്രവാസി പദ്ധതികള്‍ ഇടംപിടിച്ചില്ല, പ്രവാസികൾക്ക് നിരാശ

0
1982

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റില്‍ പ്രധാനപ്പെട്ട പുതിയ പ്രവാസി പദ്ധതികള്‍ ഇടംപിടിച്ചില്ല. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട വിഹിതം വർധിപ്പിച്ചെങ്കിലും കൂടുതൽ പ്രവാസി ആശ്വാസ പദ്ധതികളില്ലാത്തതാണ് ഇത്തവണത്തെയും ബജറ്റ്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവരുടെ പുനരധിവാസത്തിനുള്ള കാര്യമായ നിർദേശങ്ങളും ബജറ്റിലില്ല. പ്രവാസികാര്യ വകുപ്പിന് 2022-23 സാമ്പത്തിക വര്‍ഷം 147.51 കോടി രൂപ വകയിരുത്തിയതും പുതിയതായി രൂപീകരിക്കുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതിക്ക് 50 കോടിയും അനുവദിച്ചതും എന്‍ ആര്‍ ഐ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന് ഒമ്പത് കോടി രൂപയും വകയിരുത്തിയതുമാണ് ബജറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ഇടപെടാനും ഡേറ്റ ബാങ്ക് തയാറാക്കുന്നതിനും നോര്‍ക്കയില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും ഇതിനായി 10 കോടി രൂപ അനുവദിക്കാനും നിര്‍ദേശമുണ്ട്. രണ്ടോ അതിലധികമോ വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയയെത്തിയ പ്രവാസികള്‍ക്കുള്ള സാന്ത്വനം പദ്ധതിക്ക് നടപ്പുവര്‍ഷം 33 കോടി രൂപ അനുവദിച്ചതായും ബജറ്റ് രേഖയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യു.എ.ഇസന്ദർശനം ബജറ്റിൽ കാര്യമായി പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. പ്രവാസികളുടെയും പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി പുതുസംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും സര്‍ക്കാര്‍ മികച്ച പിന്തുണനല്‍കുമെന്ന് കഴിഞ്ഞ മാസം യു എ ഇയിലെത്തിയ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വ്യക്തമാക്കിയിരുന്നു. ഇതൊന്നും ബജറ്റിൽ പരാമർശിച്ചതേയില്ല.

വിവിധ പ്രവാസി പദ്ധതികൾക്കായി 250 കോടിയോളം നീക്കിവെച്ചത് മാറ്റി നിർത്തിയാൽ ക്ഷേമപദ്ധതികൾക്കുള്ള വിഹിതം അപര്യാപ്തമാണെന്ന വിലയിരുത്തലാണുള്ളത്. പ്രവാസികാര്യവകുപ്പിനായി 147.51 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പറയുന്നു. പ്രവാസി മലയാളികൾക്കായിപുതുതായി രൂപകൽപന ചെയ്ത ഏകോപനപുനസംയോജന പദ്ധതിക്ക് 50 കോടിവകയിരുത്തിയിട്ടുണ്ട്.

കേരള സമ്പദ്വ്യവസ്ഥയില്‍ മികച്ച സംഭാവന നല്‍കുന്ന സമൂഹമാണ് പ്രവാസികള്‍. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 15 ലക്ഷം പ്രവാസികള്‍ കേരളത്തില്‍ തിരിച്ചെത്തിയെന്ന് സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. അവരുടെ പുനരധിവാസ പദ്ധതി കാര്യമായി പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായിട്ടില്ല. കൊവിഡ് കാരണം ഗള്‍ഫില്‍ മരണപ്പെട്ടവര്‍ക്കുള്ള സമാശ്വാസ ധനസഹായവും പരാമര്‍ശിക്കപ്പെട്ടില്ല. പ്രവാസി പെൻഷൻ വർധിപ്പിക്കുമെന്ന് പ്രതീക്ഷയും പൂവണിഞ്ഞില്ല. പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങുന്നതിനുള്ള സഹായ പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ്. ഇതില്‍ 30 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്കാണ് സഹായം നല്‍കുന്നത്. ഇതില്‍ 2021-2022 സാമ്പത്തികവര്‍ഷം പുതുസംരംഭങ്ങള്‍ തുടങ്ങാനായി 15.57 കോടി രൂപ നല്‍കി എന്ന് കഴിഞ്ഞ ദിവസം നോര്‍ക്ക വ്യക്തമാക്കിയിരുന്നു.

നോൺറെസിഡന്റ്‌സ് കേരളൈറ്റ്‌സ് വെൽഫെയർ ഫണ്ട് ബോർഡിന് ഒമ്പത് കോടി വകയിരുത്തി. വിദേശ സംരംഭകരെ കൂടി ഉൾപെടുത്തി കാർഷികഉൽപന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താൻ സിയാൽ മാതൃകയയിൽ 100 കോടി രൂപമൂലധനമുള്ള മാർക്കറ്റിങ് കമ്പനിക്കായി 20 കോടിയുംഅനുവദിച്ചിട്ടുണ്ട്. മുൻ ബജറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികളെ കാര്യമായ പരാമർശിച്ചില്ലെന്ന അഭിപ്രായം ശക്തമാണ്. ലോകകേരളസഭയുടെ ഭാവിയെ കുറിച്ചും ബജറ്റിൽ കാര്യമായ പരാമർശം ഇല്ല.