റിയാദ്: സ്‌മാർട്ട്‌ഫോണുകൾ വഴി തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും ബയോമെട്രിക് ഡാറ്റ സ്വയം രജിസ്റ്റർ ചെയ്യുന്നതിനുള്ള സഊദി വിസ ബയോ ആപ്ലിക്കേഷൻ കൂടുതൽ രാജ്യങ്ങളിലേക്ക്. പദ്ധതിയുടെ മൂന്നാം ഘട്ടം ടുണീഷ്യയിൽ തുടങ്ങിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. ഹജ്ജ്, ഉംറ വിസകൾക്കുള്ള അപേക്ഷകർക്ക് അവരുടെ വീടുകളിൽ വെച്ച് തന്നെ വിസ വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കാതെ സ്‌മാർട്ട്‌ഫോണുകൾ വഴി ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യാനും തുടർന്ന് ഇലക്ട്രോണിക് ആയി വിസകൾ ലഭ്യമാകുകയും ചെയ്യുന്ന പദ്ധതി ഏതാനും മാസങ്ങൾക്ക് മുമ്പാണ് സഊദി അറേബ്യ പ്രഖ്യാപിച്ചത്.
ടുണീഷ്യയെ കൂടാതെ, ഏതാനും രാജ്ജ്യങ്ങളിൽ നേരത്തെ ഇതിനു തുടക്കമായിട്ടുണ്ട്. ഇന്ത്യയിലും ഉടൻ ഈ പദ്ധതി ആരംഭിച്ചേക്കും. തീർത്ഥാടകരും ഉംറ നിർവഹിക്കുന്നവരും സഊദി അറേബ്യയിൽ എത്തുമ്പോൾ, അവരുടെ ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. യാത്രക്കാരുടെ ഡാറ്റ ക്രോസ്സ് ചെക്ക് ചെയ്യൽ മാത്രമായി ചുരുങ്ങുന്നത് ഏറെ ആശ്വാസകരമായിരിക്കും.
ഹജ്ജ് ആൻഡ് ഉംറ, ടൂറിസം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയങ്ങൾ, പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി, നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി, സഊദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനാണ് ഈ പദ്ധതി സഊദി അറേബ്യ പ്രഖ്യാപിച്ചത്. വിസ അപേക്ഷകർക്കായി സ്‌മാർട്ട്‌ഫോണുകൾ വഴി രജിസ്റ്റർ ചെയ്യുന്ന ബയോമെട്രിക് ഡാറ്റ ഉപയോഗിക്കുന്ന ആദ്യത്തെ രാജ്യമാണ് സഊദി അറേബ്യ.
ടുണീഷ്യയിലെ സഊദി അംബാസഡർ ഡോ: അബ്ദുൽ അസീസ് അൽ-സാഗർ, ടുണീഷ്യൻ മതകാര്യ മന്ത്രി ഡോ: ഇബ്രാഹിം അൽ ശൈബി, ടുണീഷ്യൻ മതകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ ഡയറക്ടർ സുആദ് അൽ ഗരീബി എന്നിവർ പദ്ധതി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഫിംഗർ പ്രിന്റ് ഉപയോഗിച്ച് സ്വയം ഉംറ വിസ നേടാം, ഇത്തരത്തിലുള്ള ആദ്യ വിസ സംവിധാനവുമായി സഊദി അറേബ്യ