റിയാദ്: രാജ്യത്തെ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ഖിവ പോർട്ടൽ വഴി പൂർത്തീകരിക്കാൻ നടപടികൾ ഒരുക്കി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. നേരത്തെ, സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം മാത്രമായിരുന്നു ഖിവ പോർട്ടൽ വഴി നടന്നിരുന്നത്.
ഇതേ സംവിധാനത്തിലേക്കാണ് സ്വകാര്യ മേഖല സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പ് മാറ്റം ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളികൾക്കും അവസരം ഒരുക്കിയത്. നേരത്തെ ഇതിനായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖകളെ നേരിട്ട് സമീപിക്കേണ്ടിയിരുന്നു. ഈ സംവിധാനമാണ് ഇലക്ട്രോണിക് സംവിധാനം വഴി പൂർത്തീകരിക്കാൻ അവസരം ഒരുക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് സംബന്ധമായ വാർത്ത പുറത്ത് വന്നിരുന്നു.
തൊഴിലുടമയാണ് ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ ഖിവാ പ്ലാറ്റ്‌ഫോം വഴി നൽകേണ്ടത്. പുതിയ പ്രൊഫഷന്‍ തിരഞ്ഞെടുക്കാനും ഇവിടെ അവസരമുണ്ട്. സ്പോൺസർ അപേക്ഷ നൽകുന്നതോടെ തൊഴിലാളിയുടെ മൊബൈല്‍ നമ്പറിലേക്കും ശേഷം തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റാന്‍ സമ്മതം തേടി പഴയ തൊഴിലുടമക്കും എസ്.എം.എസ് സന്ദേശം ലഭിക്കും. പഴയ തൊഴിലുടമ അപ്രൂവൽ നൽകുന്നതോടെ സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാകും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതേ സംവിധാനം തന്നെയാണ് നിലവിൽ സ്വകാര്യ മേഖല തൊഴിലാളികൾക്കും സ്പോൺസർഷിപ്പ് മാറ്റുന്നതിന് പൂർത്തീകരിക്കേണ്ടത്. എന്നാൽ, ചില നിബന്ധനകൾ കൂടി പാലിക്കണം എന്ന് മാത്രം.
അതേസമയം, ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ സ്ഥാപനത്തിലേക്ക് സ്പോൺസർഷിപ്പ് മാറ്റം നടക്കണമെങ്കിൽ ഇഖാമയിലെ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതലാകരുതെന്ന് വ്യവസ്ഥയുണ്ട്. ഗാർഹിക തൊഴിലാളികൾക്ക് ലെവി ഇല്ലാത്തതാണ് ഇതിന് കാരണം.
ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം; ആയിരക്കണക്കിന് ഹൗസ് ഡ്രൈവർമാർക്ക് അനുഗ്രഹമാകും, നടപടിക്രമങ്ങൾ അറിയാം