ഫോറൻസിക് പരിശോധനാ റിപ്പോർട്ട വൈകുന്നത് മൂലം കോഴിക്കോട് ജില്ലയിൽ പോക്സോ കേസുകൾ കെട്ടികിടക്കുന്നു. റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് 642 പോക്സോ കേസുകളുടെ കുറ്റപത്ര സമർപ്പണം ഉൾപ്പടെയുള്ള നടപടികളാണ് വൈകുന്നത്. ഇത് ഇരകളെയും പരാതിക്കാരെയും ഒരു പോലെ ദുരിതത്തിലാക്കുകയാണ്.
കോഴിക്കോട് ജില്ലയിൽ പോക്സോ കേസുകൾക്കായി മൂന്ന് അതിവേഗ പ്രത്യേക കോടതികളും ഒരു അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെൻഷൻസ് കോടതിയും നിലവിലുണ്ട്. കോഴിക്കോട്, കൊയിലാണ്ടി, നാദാപുരം എന്നിവിടങ്ങളിലാണ് അതിവേഗ പ്രത്യേക കോടതികൾ. പോക്സോ കേസിലെ രാസ പരിശോധനയുടെ റിപ്പോർട്ടുകൾ വൈകുന്നത് കേസുകൾ അനന്തമായി നീണ്ടുപോകുന്നതിനും ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്നതിനും ഇടയാവുന്നു. 642 കേസുകളാണ് ജില്ലയിൽ നീതി കാത്ത് കിടക്കുന്നത്.
കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ഫൊറൻസിക് ലാബുകളിലെ കാലതാമസം ഒഴിവാക്കാൻ 28 സയൻ്റിഫിക് ഓഫിസർ തസ്തികകൾ നിലവിൽ അനുവദിച്ചിട്ടുണ്ട്. ഇത് നടപടികൾ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിലൂടെയും കാര്യങ്ങൾ വേഗത്തിലാക്കാൻ സാധിച്ചില്ല. ഇത് ഇരയെയും, പ്രതിയെയും മാനസികമായി അലട്ടുന്നുണ്ട്. പോക്സോ കേസുകൾ നിലനിൽക്കുന്നതിനാൽ ഇരകൾക്ക്
വിദേശത്തേക്ക് പോകാനും, ജോലിക്കായി പ്രവേശിക്കാനും സാധിക്കുന്നില്ല. പോക്സോ കേസുകളിലെ ഭൂരിഭാഗം പ്രതികളും, അടുത്ത ബന്ധുക്കളും, പരിചയക്കാരുമാണ്. സംരക്ഷിക്കേണ്ടവർ തന്നെ പ്രതികളാവുന്ന സാഹചര്യത്തിൽ രാസപരിശോധന ഫലം വൈകുന്നത് പ്രതിസന്ധിയാകുകയാണ്.
