റിയാദ്: രാജ്യത്ത് നാളെ മുതൽ മിക്ക പ്രദേശങ്ങളിലും പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനങ്ങളും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളെയും ഇത് ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ എന്നിവിടങ്ങളിൽ ഉപരിതല കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിലധികം എത്തും. ഈ കാറ്റ് പൊടിക്കാറ്റുകളുടെ രൂപീകരണത്തിന് കാരണമാകുമെന്നും അത് ആ പ്രദേശങ്ങളുടെ ഭാഗങ്ങളിൽ ദൂരക്കാഴ്‌ച കുറയുന്നതിലേക്കും നയിക്കുമെന്നും അറിയിപ്പിലുണ്ട്.
അതേസമയം, ഖസിം, റിയാദ്, കിഴക്കൻ പ്രാവിശ്യ, നജ്‌റാൻ, മക്കയുടെ കിഴക്കൻ ഭാഗങൾ, മദീന മുനവ്വറ, അസീർ, അൽ ബഹ എന്നീ പ്രദേശങ്ങളിൽ പൊടിക്കാറ്റിന്റെ ആഘാതം ബുധനാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച വരെ നീണ്ടു നിൽക്കും.
തബൂക്ക്, മദീന, മക്ക എന്നീ പ്രദേശങ്ങളിലെ തീരദേശങ്ങളിൽ വ്യാഴാഴ്‌ച വൈകുന്നേരം മുതൽ പൊടിക്കാറ്റ് ബാധിക്കുമെന്നും കടത്തുന്ന പൊടി ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത ആഴ്‌ച പകുതി വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങളുടെ തുടർച്ചയാണ് പ്രാരംഭ സൂചനകൾ വ്യക്തമാക്കുന്നതെന്നും ദേശീയ നിരീക്ഷണകേന്ദ്രം പറഞ്ഞു.