സഊദിയിൽ ഓടുന്ന വിദേശ വാഹനങ്ങളുടെ ലംഘനങ്ങളും ഇനി മുതൽ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തും

0
2148

റിയാദ്: സഊദിയിൽ ഓടുന്ന വിദേശ രാജ്യങ്ങളിലെ വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനങ്ങളും ഇനി മുതൽ ഓട്ടോമാറ്റിക് മോണിറ്ററിംഗ് ഉണ്ടാകുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. സഊദി ഇതര രാജ്യങ്ങളിലെ നമ്പറുകളുമായി സഊദി നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ സഊദി വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുന്നത് പോലെ ഓട്ടോമാറ്റിക് മോണിറ്ററിങ് സംവിധാനങ്ങൾ വഴി രേഖപ്പെടുത്തുമെന്നാണ് ട്രാഫിക് വിഭാഗം അറിയിച്ചിരിക്കുന്നത്. നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ ഓട്ടോമാറ്റിക് ആയി ട്രാഫിക് വിഭാഗത്തിൽ രേഖപ്പെടുത്തും.

സഊദി ഇതര വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകളുടെ ലംഘനങ്ങൾ ഓട്ടോമാറ്റിക് മോണിറ്ററിംഗ് സിസ്റ്റം നിരീക്ഷിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സഊദി ഇതര പ്ലേറ്റുകളുള്ള വാഹനങ്ങളിലെ മോണിറ്ററിംഗ് സിസ്റ്റത്തിൽ പെടാതിരിക്കാൻ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാൻ സഊദി ഇതര വാഹനങ്ങൾ ഓടിക്കുന്നവരോട് ട്രാഫികെ ആവശ്യപ്പെട്ടു. റോഡുപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ, രാജ്യത്ത് ട്രാഫിക് നിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ആവശ്യപ്പെട്ടു.

നിലവിൽ സഊദിയിൽ ജിസിസി വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാറുകൾക്ക് പുറമെ വലിയ ട്രെയിലറുകളും സമീപ രാജ്യങ്ങളിൽ നിന്ന് സഊദിയിൽ കരമാർഗ്ഗം വഴിയുള്ള ചരക്ക് കടത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം ഇനി മുതൽ പുതിയ സംവിധാനം വഴി നിരീക്ഷിക്കപ്പെടും. ജിസിസി രാജ്യങ്ങളിലെ ട്രാഫിക് വിഭാഗങ്ങൾ പരസ്‌പരം ലിങ്ക് ചെയ്യാനുള്ള പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. .