റിയാദ്: സഊദിയിൽ പുതിയ കൊവിഡ് കേസുകളുടെയും ഗുരുതര രോഗികളുടെയും എണ്ണം കുറയുന്നത് തുടരുന്നു, ഇതോടൊപ്പം തന്നെ ഉയർന്ന രോഗമുക്തിയും കൊവിഡ് കേസുകളിൽ ശ്രദ്ധേയമായ ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തി. 283 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മുതൽ 80 കേസുകളുടെ കുറവ് ആണ് രേഖപ്പെടുത്തിയത്.
ഗുരുതരമായ കേസുകളുടെ എണ്ണവും തുടർച്ചയായി താഴുകയാണ്. മൊത്തം 443 ഗുരുതര രോഗികളാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലത്തെ എണ്ണത്തിൽ നിന്നും 18 കേസുകളുടെ കുറവാണ് നിന്നുണ്ടായത്. മരണങ്ങൾ സ്ഥിരമായ ലെവലിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണം രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,006 ആയി.
പുതിയ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗമുക്തരുടെ എണ്ണം ഉയർന്ന തലത്തിലാണ്. 525 പുതിയ രോഗമുക്തിയാണ് നിന്നുണ്ടായത്. രാജ്യത്ത് കൊവിഡ് പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ 747,119 രോഗികളിൽ നിന്ന് 726,876 പേർ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,000-ലധികം കൊവിഡ് ഡോസുകൾ നൽകിയതോടെ രാജ്യത്ത് ഇത് വരെ നൽകിയ ഡോസുകളുടെ എണ്ണം 61.4 ദശലക്ഷം ഡോസുകൾ ആയി ഉയർന്നു. രാജ്യത്താകമാനമുള്ള 600-ഓളം വാക്‌സിൻ കേന്ദ്രങ്ങൾ പൗരന്മാർക്കും താമസക്കാർക്കും വാക്‌സിനേഷൻ നൽകുന്നത് ഇപ്പോഴും തുടരുകയാണ്.





