കിരീടാവകാശിയുടെ പ്രസ്താവനകളെ അടിവരയിട്ട് സഊദി ഉന്നത പണ്ഡിത സഭ

0
3529

റിയാദ്: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രസ്താവനകളെ രാജ്യത്തെ മുതിർന്ന പണ്ഡിത സഭ ജനറൽ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. അമേരിക്ക ആസ്ഥാനമായുള്ള ദി അറ്റ്‌ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സഊദി അറേബ്യ ഇസ്‌ലാമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കിരീടാവകാശി ആവർത്തിച്ചു. പ്രവാചകന്റെയും അനുചരന്മാരുടെയും പാതയാണ് രാജ്യം പിൻപറ്റുന്നതെന്നും കിരീടാവകാശി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

മതഭ്രാന്ത് കൂടാതെ വിശുദ്ധ ഖുർആനും സുന്നത്തും പിന്തുടരുന്നതിലും തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കാനും വേരോടെ പിഴുതെറിയാനും അതിന്റെ ചിഹ്നങ്ങൾ കണ്ടെത്താനുമുള്ള ഉറച്ച സമീപനവും കിരീടാവകാശിയുടെ പ്രസ്താവനകൾ വ്യക്തമാക്കുന്നുണ്ട്. ദൈവീക സഹായത്തോടെ അതിന്റെ വേരുകൾ പിഴുതെറിയുന്നതിലും അതിന്റെ ചിഹ്നങ്ങൾ കണ്ടെത്തുന്നതിലും സഊദി അറേബ്യ ലോക രാജ്യങ്ങൾക്കിടയിൽ മുന്നിൽ തന്നെയാണ്. അൽ-ഖാഇദ, ഐ എസ് ഐ എസ്, ബ്രദർഹുഡ് എന്നിങ്ങനെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഏത് ഗ്രൂപ്പുകൾക്കെതിരെയും ഇത് തന്നെയായിരുന്നു സഊദി നിലപാട്.

വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ രാജ്യം അതിന്റെ സാംസ്കാരികവും സാമ്പത്തികവുമായ ഘടകങ്ങൾക്കും ജനങ്ങൾക്കും ചരിത്രത്തിനും അനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ളതും, നമ്മുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവരെ ഇടപെടുന്നതിൽ നിന്ന് തടയുന്ന രാജ്യത്തിന്റെ നിലപാടിന്റെ ദൃഢതയും കിരീടാവകാശി ഊന്നിപ്പറഞ്ഞതിനെയും പണ്ഡിതസഭ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു.

ലോകത്തെ ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ രാജ്യത്തെ എത്തിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന നേതൃത്വത്തിന് പിന്നിൽ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് മുതിർന്ന പണ്ഡിതരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.