ബിസിനസിന് പകരമായി ലഭിച്ചിരുന്നത് ഒരു വർഷത്തെ വീട്ടു വാടക മാത്രം, ഒടുവിൽ ബിസിനസ് ലാഭം കണ്ട് ഞെട്ടി സഊദി പൗരൻ; ബിനാമി ബിസിനസിൽ നടക്കുന്നത് ഇതാണെന്ന് വെളിപ്പെടുത്തി സഊദി വാണിജ്യ മന്ത്രാലയം

0
8113

റിയാദ്: സഊദിയിൽ ബിനാമി ബിസിനസ് ഒഴിവാക്കാനായി വിവിധ നടപടികൾ പൂർത്തിയാക്കുന്നതിനിടെ സഊദി പൗരന്റെ അവസ്ഥ വെളിപ്പെടുത്തി മന്ത്രാലയം. ബിനാമി ബിസിനസ് നടത്തിയ വിദേശി സഊദി പൗരനെ മറച്ചു വെച്ച് നേടിയ വൻ ലാഭത്തിന്റെ കണക്കുകളാണ് മന്ത്രാലയം പുറത്ത് വിട്ടത്. ബിസിനസ് ഏറ്റെടുത്തതോടെ ലഭിച്ച ലാഭം കണ്ട് ഞെട്ടിയിരിക്കുകയാണ് സഊദി പൗരൻ. ഖസിം മേഖലയിലെ സംഭവം ആണ് മന്ത്രാലയം പുറത്ത് വിട്ടത്.

ഈത്തപ്പഴ മേഖലയിലെ ബിനാമി ബിസിനസ് ആണ് മന്ത്രാലയം വെളിപ്പെടുത്തിയത്. ബിസിനസ് നടത്തുന്നതിന് പകരമായി ഒരു പൗരൻ തന്റെ വീടിന്റെ വാടകയായിരുന്നു വിദേശി നൽകിയിരുന്നത്. അതായത് പ്രതിവർഷം 12,000 റിയാൽ മാത്രം.

ഒടുവിൽ പ്രവാസികൾ സമ്പാദിച്ച തുകയുടെ വൻതുക മനസ്സിലാക്കിയ പൗരൻ സ്വയം ജോലി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് തനിക്ക് ഇത് വരെ ഉണ്ടായ നഷ്ടം അദ്ദേഹം മനസിലാക്കിയത്. ബിസിനസ് ഏറ്റെടുത്തതോടെ ഈ വർഷത്തെ വരുമാനം 180,000 റിയാൽ കവിഞ്ഞെന്നാണ് കണക്കുകൾ. ജീവനോപാധിയുടെ വാതിലുകൾ തനിക്കായി തുറന്നിട്ടതിന് നന്ദി പറയുന്നതിനായി അദ്ദേഹം മന്ത്രാലയത്തിലെത്തി.

ഖസിം രാജകുമാരന്റെ പ്രതിവാര സെഷനിൽ “മറച്ചുവെക്കലും സമ്പദ്‌വ്യവസ്ഥയിലും ദേശീയ സുരക്ഷയിലും അതിന്റെ സ്വാധീനവും” എന്ന തലക്കെട്ടിൽ നടത്തിയ പരിപാടിക്കിടെയാണ് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ സംഭവം വെളിപ്പെടുത്തിയത്. ഖസിമിലെ വാണിജ്യ മന്ത്രാലയ ശാഖ പ്രതിദിനം 3 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നുവെന്നാണ് കണക്കുകൾ.

ബിനാമി ബിസിനസിനെതിരെ കടുത്ത നടപടികളുമായി അടുത്തിടെ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദേശികൾക്ക് പദവി ശരിയാക്കാൻ ദീർഘമായ സമയവും നൽകിയിരുന്നു. സമയം കഴിഞ്ഞതോടെ കർശന പരിശോധന നടക്കുകയാണ് രാജ്യവ്യാപകമായി.