സഊദിയിൽ കൊവിഡ് കേസുകളും ഗുരുതര കേസുകളും കുറയുന്നത് തുടരുന്നു, രോഗമുക്തി 3 മടങ്ങ് കൂടുതൽ

0
1215

റിയാദ്: രാജ്യത്ത് കൊറോണ വൈറസിന്റെ സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രതിദിന റിപ്പോർട്ടിൽ രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം ഇന്ന് 627 ആയി വീണ്ടും കുറഞ്ഞു. ഗുരുതര രോഗികളുടെ എണ്ണവും കുറഞ്ഞ് 744 ആയി. ഇന്നലെ മുതൽ 20 ഗുരുതര രോഗികളാണ് കുറഞ്ഞത്.

ഇതേ ആശ്വാസത്തിനിടക്ക് തന്നെ വൈറസിൽ നിന്നുള്ള രോഗമുക്തിയും ഉയരുന്നത് ആശ്വാസം ഇരട്ടിയാക്കുന്നു. ഇന്ന് രോഗമുക്തി പുതിയ രോഗികളെക്കാൾ മൂന്നിരട്ടിയിലെത്തി. 1,880 രോഗമുക്തിയാണ് ഇന്ന് രേഖപെടുത്തിയത്. ഇതോടെ, രാജ്യത്ത് പകർച്ചവ്യാധിയുടെ തുടക്കം മുതൽ സ്ഥിരീകരിച്ച 741,864 കൊറോണ കേസുകളിൽ മൊത്തം രോഗമുക്തർ 717,394 ആയി ഉയർന്നു.

മുൻ ദിവസങ്ങളെ അപേക്ഷിച്ച് മരണ കേസുകളിൽ നേരിയ വർധനയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 മരണങ്ങൾ രേഖപ്പെടുത്തി. മൊത്തം മരണങ്ങൾ 8,990 ആയി.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന വാക്‌സിൻ കേന്ദ്രങ്ങൾ പൗരന്മാർക്കും താമസക്കാർക്കും “കൊവിഡ് 19” വാക്സിൻ നൽകുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,000 ഡോസുകൾ നൽകി, മൊത്തം ഡോസുകൾ 60.5 ദശലക്ഷം ഡോസുകളായി നൽകി.