ഹിജാബ് നിഷേധം ഏക സിവിൽ കോഡിലേക്കുള്ള ഒളിയജണ്ട: സദാദ് അബ്ദുസ്സമദ്

ജിദ്ദ: കർണാടക ഉഡുപ്പിയിലെ ഗവണ്മെന്റ് പ്രീയൂണിവേഴ്സിറ്റി കോളേജിലേ മുസ്‌ലിം വിദ്യാർഥിനികൾക്ക് ഹിജാബ് അണിഞ്ഞു കൊണ്ട് കോളേജിൽ പ്രവേശിക്കുന്നതിനു അധികൃതർ വിലക്കേർപ്പെടുത്തുകയും അത് പിന്നീട് തീവ്ര വലതു ഫാസിസ്റ്റു ശക്തികളുടെ പ്രചാരണങ്ങളോടെ കർണാടകയിലെ മറ്റു കോളേജുകളിലേക്ക് വ്യാപിക്കുകയും മുസ്‌ലിം വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്ന ജനാധിപത്യ വിരുദ്ധപരമായ കാഴ്ച വ്യാപകമാകുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. വിഷയം ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിൽ വാദം കേട്ടു കൊണ്ടിരിക്കുകയാണെങ്കിലും ഒരു പൗരന് ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശത്തിനു മേലുള്ള ഇന്ത്യയിലെ ഫാസിസ്റ്റു ശക്തികളുടെ ഒളിയജണ്ടകളുടെ ഭാഗമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് എഴുത്തുകാരനും പ്രസംഗികനുമായ സദാദ് അബ്ദുസ്സമദ്. ‘ഭരണകൂടം ഹിജാബിൽ കൈവെക്കുമ്പോൾ’ എന്ന വിഷയത്തെ അതികരിച്ചു ജിദ്ദ ഇസ്‌ലാഹി സെന്ററിലെ വരാന്ത്യ ഓൺലൈൻ ക്ലാസ്സിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

മുൻപ് എൺപതു തൊണ്ണൂറ്കളിൽ ഫ്രാൻസിൽ ഹിജാബ് ധരിക്കുന്നതിൽ നിന്നും മുസ്‌ലിം സമൂഹത്തിനു മേൽ വിലക്കേർപെടുത്തിക്കൊണ്ട് കടന്നു വന്ന നിയമങ്ങൾ ഒരു പക്ഷെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കുടിയേറി വന്ന മുസ്‌ലിം സമൂഹത്തിന്റെ മതപരമായ ജീവിതരീതിയെ തങ്ങളുടെ ദേശീയതയോടും സംസ്കാരത്തോടും ചേർന്ന് പോകണമെന്ന് നിർബന്ധബുദ്ധിയോട് കൂടി ആയിരുന്നെങ്കിൽ ഇവിടെ ഇന്ത്യയിൽ അത്‌ സംഖ്പരിവാർ ഫാഷിസ്റ്റുകൾ കാലങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന യൂണിഫോം സിവിൽ കോഡ് എന്ന ആശയത്തിന്റെ വളരെ ചെറിയ രൂപമായിട്ടാണ് നാം ഇതിനെ കാണേണ്ടത്.

പുരുഷമേധാവിത്വമാണ് ഇസ്‌ലാമിൽ സ്ത്രീകളുടെ മേൽ ഹിജാബ്, പർദ്ദ പോലുള്ള വസ്ത്രങ്ങളുടെ അടിച്ചേല്പിക്കലുണ്ടാകുന്നതെന്നു പ്രചരിപ്പിച്ചു കൊണ്ട് ലെഫ്റ്റ് റിബറലുകളും സംഘ്പരിവാറിനോടൊപ്പം തോളോട് തോൾ ചേർന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിൽ മുസ്‌ലിം നാമധാരികളായ മോഡേണിസ്റ്റുകളും റിബറലുകളും അവരുടെ ചട്ടുകങ്ങളായി മാറുന്നു. ഭരണഘടന നൽകുന്ന അവകാശത്തോട് നിഷേധാത്മകമായ സമീപനം സ്വീകരിച്ചു കൊണ്ട് മുസ്‌ലിം സ്ത്രീകളുടെ മുഖ്യധാരയിലേക്കുള്ള കടന്നു വരവിനെ നിഷേധിക്കുക കൂടിയാണ് അവർ ചെയ്യുന്നത്. ഹിജാബ് വിഷയത്തിൽ കർണാടക ഗവൺമെന്റിനു വേണ്ടി ഹാജരായ അഡ്വാക്കെറ്റ് ജനറൽ കോടതിയിൽ പറയാൻ ശ്രമിച്ചത് ഹിജാബ് എന്നത് മുസ്‌ലിം സ്ത്രീകൾക്ക് അവരുടെ മതത്തിൽ നിർബന്ധമായ ഒരു കാര്യമല്ല എന്ന് പറഞ്ഞു കൊണ്ടുള്ള വളരെ സമർത്ഥമായ അട്ടിമറിശ്രമങ്ങളാണ് നടത്താൻ ശ്രമിച്ചത്.

എന്നാൽ ഒരു മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചെടത്തോളം ഹിജാബ് അവർ മനസ്സിലാക്കിയിട്ടുള്ളതും സ്വീകരിച്ചു പോരുന്നതും ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്നുമാണ് മുസ്‌ലിം സമൂഹം മതത്തെ തന്റെ ജീവിതത്തിൽ എല്ലാ സമയവും പൂർണ്ണർത്ഥത്തിൽ പുണരുന്നവരാണ് അതിൽ നിന്നും ചില സമയങ്ങളിൽ മാത്രമായി മാറി നിൽകാനോ വിട്ടുവീഴ്ച്ച ചെയ്യാനോ അവർക്കാകുകയില്ല. അത് കൊണ്ട് തന്നെ നിങ്ങൾ അൽപനേരം നിങ്ങളുടെ ശിരോവസ്ത്രം ഉപേക്ഷിച്ചാൽ എന്താണ് പ്രശ്നമെന്നു ചോദിക്കുന്നവരിലൂടെ ഇസ്‌ലാമിനെയും അവരുടെ വിശ്വാസത്തേക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ അന്ധതയാണ് മനസ്സിലാക്കിത്തരുന്നത്. ഭരണഘടനാപരമായ ഈ അവകാശത്തെ നിയമപരമായി നേടിയെടുക്കക എന്നതാണ് മുസ്‌ലിംകൾക്ക് മുന്നിലുള്ള വഴി. ആ വഴിലൂടെത്തന്നെയാണ് നാം സഞ്ചരിക്കേണ്ടതുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ഇസ്‌ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി എടക്കര സ്വാഗതമാശംസിച്ച പരിപാടിയിൽ അമീൻ നന്ദി പറഞ്ഞു.