യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലിൽ അന്തിമ വിധി പറയൽ മാറ്റി വെച്ചു, മരണശിക്ഷ ഒഴിവാക്കണമെന്നാവശ്യം

0
5274

സൻആ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലിൽ അന്തിമ വിധി പറയൽ മാറ്റി വെച്ചു. സൻആയിലെ കോടതിയാണ് ഈ മാസം 28 ലേക്ക് വിധി പറയുന്നത് മാറ്റി വെച്ചത്. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു നിമിഷയുടെ ഹരജി കോടതി പരിഗണിച്ചത്. വിധശിക്ഷ ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. സൻആയിലെ കോടതിയിൽ അപ്പീലിലാണ് അവസാന സിറ്റിങ്.

യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ 2017ൽ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സൻആയിലെ കോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. വൃദ്ധമാതാവും ആറ് വയസുള്ള കുട്ടിയുമുണ്ടെന്ന് നിമിഷ പ്രിയ കോടതിയെ അറിയിച്ചിട്ടുണ്ട്. സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷ പ്രിയയുടെ ആവശ്യം.
യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്.

യമൻ പൗരൻ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും രക്ഷപെടുന്നതിനിടെയാണ് കൊലപാതകമെന്നുമാണ് വാദം. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നൽകി മരണശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം. അപ്പീൽ കോടതിയിലെ വാദം നേരത്തെ പൂ‍ർത്തിയായിട്ടുണ്ട്. ഹർജിക്കാരിയുടെ അഭിഭാഷകന് കൂടുതലായെന്തെങ്കിലും പറയാനുണ്ടെങ്കിൽ അറിയിക്കാമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. കോടതി നിമിഷക്ക് വധശിക്ഷ വധിച്ച ശേഷം, യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്.

വിചാരണക്കോടതി നൽകിയ മരണ ശിക്ഷ ശരിവെച്ചാൽ യമനിലെ പ്രസിഡന്‍റ് അധ്യക്ഷനായ സുപ്രീം ജു‍ഡീഷ്യൽ കൗൺസിലിനെ സമീപിക്കാനാണ് തീരുമാനം. എന്നാൽ അപ്പീൽ കോടതിയിലേതടക്കം വിസ്താര നടപടികളിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ കൗൺസിൽ പരിഗണിക്കൂ എന്ന കടമ്പയുണ്ട്. ദയാഹ‍ർജി സുപ്രീംകൗൺസിൽ പരിഗണിക്കാറില്ല. വധശിക്ഷ എന്നത് ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനകളോടെ കഴിയുകയാണ് നിമിഷപ്രിയയും ബന്ധുക്കളും.